'ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ താൻ ചിരിച്ചുകൊണ്ട് നാട്ടുകാർക്കൊപ്പം നിൽക്കും'; സുരേഷ് ഗോപി
തൃശൂർ: തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സുരേഷ് ഗോപി. ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ താൻ ചിരിച്ചുകൊണ്ട് നാട്ടുകാർക്കൊപ്പം ഉണ്ടാകുമെന്ന് ഈസ്റ്ററും വിഷവും തൃശൂർ പൂരവും അടക്കം എല്ലാ ആഘോഷങ്ങളും തിരഞ്ഞെടുപ്പിനുള്ളിൽ ലഭിച്ചത് അനുഗ്രഹമായി കാണുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
41 ദിവസമാണ് ഇനി ഉള്ളത്. കുറച്ചുകൂടി ആഴത്തിൽ പ്രചരണം നയിക്കാനും സമാധാനത്തോടെ പ്രചരണം നടത്താനും സമയം കിട്ടും. കഴിഞ്ഞ തവണ അത് കിട്ടിയില്ലായിരുന്നു. ഈസ്റ്റർ , വിഷു, 7 ദിവസത്തെ പൂര ആഘോഷം അങ്ങനെ പലതും ഇവിടെ നടക്കാനുണ്ട്. മാസങ്ങളായിട്ടല്ല, വർഷങ്ങളായി ഞാൻ ഇവിടെ തൃശൂരിൽ ഉണ്ട്. പ്രചരണത്തിന്റെ ഘട്ടങ്ങൾ ഞാൻ അളക്കുന്നില്ല. സമയം കിട്ടിയത് കൊണ്ട് കുറച്ചൂടെ നന്നായി പ്രചരണം നയിക്കാനാകും', സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് തൃശൂർ. ബി ജെ പി എ ക്ലാസ് കാറ്റഗറിയിൽ പെടുത്തിയിരിക്കുന്ന ഇവിടെ ഇക്കുറി സുരേഷ് ഗോപിയിലൂടെ താമര വിരിയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി ദേശീയ നേതൃത്വം. സുരേഷ് ഗോപിയുടെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് പാർട്ടി കരുതുന്നത്. മാത്രമല്ല 2019 ൽ സുരേഷ് ഗോപി നേടിയ വോട്ടുകളും ബി ജെ പിയുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്.
ഏറ്റവും അവസാനമായിരുന്നു കഴിഞ്ഞ തവണ സുരേഷ് ഗോപിയെ ബി ജെ പി ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അവസാന ലാപ്പിൽ എത്തിയിട്ടും ഞെട്ടിക്കുന്ന പ്രകടമായിരുന്നു അന്ന് താരം കാഴ്ചവെച്ചത്. സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടി യുഡിഎഫിന്റെ ടിഎൻ പ്രതാപനായിരുന്നു വിജയിച്ചത്. പരാജയപ്പെട്ടിട്ടും മണ്ഡലം കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് വർഷമായി ശക്തമായ പ്രവർത്തനമാണ് സുരേഷ് ഗോപി കാഴ്ച വെച്ചത്.
മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളടക്കം ഇത്തവണ നേടാനാകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. പത്മജയുടെ ബി ജെ പി പ്രവേശവും വോട്ടായി മാറുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യു ഡി എഫിന് വേണ്ടി കെ മുരളീധരനും എൽ ഡി എഫിനായി വി എസ് സുനിൽ കുമാറുമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications