അമേഠിക്കൊപ്പം വയനാട്ടിലും രാഹുൽ വീണ്ടും മത്സരിക്കുമോ? കെസി വേണുഗോപാലിന്റെ മറുപടി
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറി യുപിയിലെ അമേഠിയിൽ നിന്നും രാഹുൽ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ തന്നെ ചില സൂചനകൾ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. ഇപ്പോഴിതാ ഇത് സംബന്ധിച്ച് മറുപടി നൽകുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 'ഇന്ത്യ' മുന്നണിയുടെ 2024 ലെ പദ്ധതികളും സാധ്യതയും വിവരിച്ച് കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിടെയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കെസിയുടെ മറുപടി.
രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെ എന്നായിരുന്നു ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ രാഹുൽ കേരളത്തിൽ മത്സരിക്കുമോയെന്ന കാര്യം അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കിയതുമില്ല. ആര് എവിടെ മൽസരിക്കണം എന്ന് കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ തവണ അമേഠിയിൽ പരാജയ ഭീതിയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുൽ രണ്ടാം മണ്ഡലമായി വയനാട്ടിലും മത്സരിച്ചത്. എന്നാൽ രാഹുലിന്റെ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ബി ജെ പിക്കെതിരെ നേരിട്ടൊരു മത്സരം കാഴ്ച വെയ്ക്കാതെ സുരക്ഷിത മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്നായിരുന്നു രാഹുലിനെതിരെ ഉയർന്ന ആക്ഷേപം. ഇത്തവണ 'ഇന്ത്യ' മുന്നണി ബിജെപിക്കെതിരെ പടയൊരുക്കം നടത്തുമ്പോൾ രാഹുൽ വീണ്ടും വയനാട്ടിലേക്ക് മടങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ അടക്കം ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ രാഹുൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെട്ടുന്നത്.
അതിനിടെ 2024 ൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് 'ഇന്ത്യ' നരേന്ദ്ര മോദിയെ താഴെയിറക്കുമെന്ന് വാർത്താസമ്മേളനത്തിൽ കെ സി വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ സജ്ജരാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസും സി പി എമ്മും കേരളത്തിൽ ഒരുമിച്ച് മത്സരിക്കാൻ തയ്യാറാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് പ്രായോഗികമല്ലെന്ന് കെസി പ്രതികരിച്ചു. 'കോൺഗ്രസും സി പി എമ്മും കേരളത്തിൽ ഒന്നിച്ചു മൽസരിക്കുക പ്രായോഗികമല്ല. അത്തരമൊരു മത്സരത്തിന് സി പി എമ്മും തയാറാവില്ല', കെസി പറഞ്ഞു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയും വേണുഗോപാൽ പങ്കുവച്ചു.












Click it and Unblock the Notifications