നമുക്ക് നിയമസഭയില്‍ വെച്ച് കാണാം, വിവി പ്രകാശിന്റെ അവസാന വാക്കുകള്‍ ഓര്‍ത്തെടുത്ത് ടി സിദ്ദിഖ്
മലപ്പുറം: കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നടങ്കം വിയോഗത്തില്‍ ഞെട്ടി നില്‍ക്കുകയാണ്. രണ്ടാം തിയതിക്ക് ശേഷം നമുക്ക് നിയമസഭയില്‍ വെച്ച് കാണാം എന്ന് അവസാനമായി പറഞ്ഞായിരുന്നു ഫോണ്‍ വെച്ചതെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ടി സിദ്ദിഖ് പറഞ്ഞു. സത്യസന്ധനായ ഒരു ചെറു കറ പോലും പുരളാത്ത വ്യക്തിയായിരുന്നു പ്രകാശെന്ന് സിദ്ദിഖ് പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണെന്നും സിദിഖ് പറഞ്ഞു.

കറകളഞ്ഞൊരു ഗാന്ധിയനായിരുന്നു പ്രകാശ്. അദ്ദേഹത്തിന്റെ അനുശോചനം പറയേണ്ടി വരുമെന്ന് ഞാന്‍ കരുതിയതല്ല. എന്നെ പോലുള്ളയാളുകളെ കൈപിടിച്ചുയര്‍ത്താന്‍ നേതൃത്വം കൊടുത്തയാളാണ് പ്രകാശ്. എന്ത് വന്നാലും നിലമ്പൂരില്‍ ജയിക്കുമെന്ന പൂര്‍ണ പ്രതീക്ഷയിലായിരുന്നു പ്രകാശ്. നിയമസഭയില്‍ കാണാമെന്നും പറഞ്ഞിരുന്നു. എന്ത് കാര്യത്തില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുമായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ഇന്ന് പുലര്‍ച്ചയൊണ് വിവി പ്രകാശ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിരക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം ഡിസിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം എടക്കരിയിലേക്ക് കൊണ്ടുപോയി.
വിവി പ്രകാശിന്റെ വിയോഗം തനിക്ക് വിശ്വസിക്കാനുവുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നിലമ്പൂരിലെ വിജയം അദ്ദേഹത്തിന് ഉറപ്പായിരുന്നു. സഹപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴും ജയം ഉറപ്പിച്ചതായിരുന്നു. ഒരു പരിപാടിക്ക് വിളിച്ചാല്‍ ബസ് കയറി വരുന്ന നേതാവാണ് അദ്ദേഹം. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം തന്നെ അദ്ദേഹം മാതൃകയാണെന്നും ഷാഫി പറഞ്ഞു. നിലമ്പൂരിലെ ഫലം വരുന്നതിന് മുമ്പാണ് പ്രകാശിന്റെ വിയോഗം. മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അറിയപ്പെടുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു.
എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നു പ്രകാശെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം ഒമ്പതര മുതല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നേരത്തെ തവനൂരില്‍ നിന്ന് പ്രകാശ് നിയസഭയിലേക്ക് മത്സരിച്ചിരുന്നു. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ നേതാവായിരുന്നു അദ്ദേഹം.












Click it and Unblock the Notifications