തമ്മില്‍ തല്ലി തീരുമോ കർണാടകയിലെ കോണ്‍ഗ്രസ്; രാഹുലിന്റെ വരവില്‍ പ്രതീക്ഷയില്‍ നേതാക്കളും അണികളും
ബെംഗളൂരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കർണാടകയിലെ കോണ്‍ഗ്രസില്‍ വലിയ അഭ്യൂഹങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി പദത്തിനായി കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തമ്മില്‍ വടംവലി നടക്കുന്നുവെന്ന കാര്യം പകല്‍ പോലെ വ്യക്തമായ കാര്യമാണ്.
ഈ തർക്കം നിലനില്‍ക്കുന്നതിനിടയിലും സിദ്ധരാമയ്യയുടെ 75-ാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി ആഗസ്ത് രണ്ടിന് കർണാടകയിലെത്തുന്നുണ്ട്. അന്നേ ദിവസം തന്നെ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലും രാഹുല്‍ പങ്കെടുക്കുമെന്നാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ അഭിപ്രായപ്പെട്ടത്.

കർണാടക സന്ദർശന സമയത്ത് പ്രമുഖ ലിംഗായത്ത് സെമിനാരിയായ മുരുകരാജേന്ദ്ര മഠവും അദ്ദേഹം സന്ദർശിക്കും. "ആഗസ്റ്റ് 3 ന്, രാഹുൽ ഗാന്ധി ചിത്രദുർഗയിലെ മുരുക മഠാധിപതിയെയും (ശ്രീ ശിവമൂർത്തി മുരുക ശരണരു) മറ്റ് പണ്ഡിതരേയും കാണാൻ ആഗ്രഹിക്കുന്നു. അതിന് മുമ്പ് 35 ഓളം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ഹുബ്ബള്ളിയിലെ പാർട്ടിയുടെ സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ഓഗസ്റ്റ് 2 ന് വൈകുന്നേരം അദ്ദേഹം പങ്കെടുക്കും'' ശിവകുമാർ പറഞ്ഞു.

ആഗസ്റ്റ് മൂന്നിന് ദാവൻഗെരെയിലാണ് സിദ്ധരാമയ്യയുടെ 75-ാം ജന്മദിനാഘോഷം നടക്കുന്നത്. ഒരു ശക്തി പ്രകടനാണ് പരിപാടിയിലൂടെ സിദ്ധരാമയ്യ അനുകൂലികള്‍ ഉദ്ധേശിക്കുന്നത്. സെപ്തംബറിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഗാന്ധിജി വീണ്ടും ഈ മേഖലയിലൂടെ സഞ്ചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രദേശത്തെ കൂടുതല്‍ മഠങ്ങളില്‍ അദ്ദേഹം സന്ദർശനം നടത്തിയേക്കുമെന്നാണ് കരുതുന്നത്.

കർണാടകയിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അത് പൊട്ടിപ്പുറപ്പെടുമെന്ന് പാർട്ടിക്കുള്ളിൽ പലരും ഭയപ്പെടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഈ സന്ദർശനം. നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചേക്കും. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്ന നിർദ്ദേശമാവും അദ്ദേഹം സ്വാഭാവികമായും നല്‍കുക.

ഇരു നേതാക്കള്‍ ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അത് പാർട്ടിയില്‍ വിഭജനം സൃഷ്ടിക്കപ്പെടുമെന്നും ഇതിലൂടെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ വിജയ സാധ്യത കുറയ്ക്കുമെന്നും പാർട്ടിക്കുള്ളിൽ ശക്തമായ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാന്‍ തയ്യാറാണെന്ന സൂചന നല്‍കി കെ പി സി സി അധ്യക്ഷൻ കൂടിയായ ഡി കെ ശിവകുമാർ നേരത്തെ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

എന്നാൽ കർണാടകത്തിലെ ജനങ്ങൾ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു എം എൽ എ സമീർ അഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടത്. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന ഡികെയുടെ പരാമർശത്തിന് പിന്നാലെയായിരുന്നു സമീർ അഹമ്മദ് ഖാന്റെ പ്രതികരണം.

അതേസമയം, ഒരു നേതാവെന്ന നിലയിൽ നിങ്ങൾക്ക് പാർട്ടിയോട് താൽപ്പര്യമുണ്ടെങ്കിൽ വ്യക്തികളെ ആരാധിക്കുന്നത് നിർത്തി ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നായിരുന്നു കെ പി സി അധ്യക്ഷന്റെ പ്രതികരണം. കർണാടകയിലെ 224 എം എൽ എമാരും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും ഡികെ ശിവകുമാർ പരിഹസിച്ചു.












Click it and Unblock the Notifications