ജനസംഖ്യ മാനദണ്ഡം ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെട്രോ കേന്ദ്രം തള്ളുമോ? കേരളത്തിന്റെ നീക്കം ഇങ്ങനെ
തിരുവനന്തപുരം: കൊച്ചിയ്ക്ക് പിന്നാലെ തലസ്ഥാന നഗരിയിലേക്ക് കൂടി മെട്രോ എത്തുന്നതിന്റെ ത്രില്ലിൽ ആയിരുന്നു ഇതുവരെ മലയാളികൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന നഗരമെന്ന നിലയിൽ തിരുവനന്തപുരത്ത് മെട്രോ വളരെ വലിയൊരു കൂട്ടിച്ചേർക്കൽ തന്നെയാവും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതിന് മേൽ കരിനിഴൽ വീഴ്‌ത്തുന്ന ചർച്ചകളാണ് അടുത്തിടെയായി കൂടുതലായി നടക്കുന്നത്.
ജനസംഖ്യയിലെ കുറവ് ചൂണ്ടിക്കാട്ടി കോയമ്പത്തൂർ മെട്രോയ്ക്കും മധുരൈ മെട്രോയ്ക്കും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. അതിലാണ് ഇപ്പോൾ തിരുവനന്തപുരവും പെട്ടിരിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം കോയമ്പത്തൂരിലെ ജനസംഖ്യ 15 ലക്ഷത്തിന്റെ അടുത്താണ്. എന്നാൽ 2017ൽ കേന്ദ്ര സർക്കാർ മുമ്പോട്ടു വെച്ച നയപ്രകാരം 20 ലക്ഷമെങ്കിലും ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രമേ മെട്രോ റെയിൽ അനുവദിക്കൂ എന്നായിരുന്നു.

Image Courtesy: Gemini AI
ഈ സാഹചര്യത്തിലാണ് കോയമ്പത്തൂർ, മധുര എന്നിവയ്ക്ക് പിന്നാലെ തിരുവനന്തപുരത്തെ മെട്രോയ്ക്കും കേന്ദ്രം ചുവന്ന കൊടി കാണിക്കുമോ എന്ന ആശങ്ക ഉയരുന്നത്. ഒരുപക്ഷേ, ദക്ഷിണേന്ത്യൻ നഗരമെന്ന നിലയിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി തിരുവനന്തപുരം മെട്രോയ്ക്ക് സമർപ്പിച്ചിരിക്കുന്ന അപേക്ഷ ഏകപക്ഷീയമായി തള്ളിക്കളയും എന്ന പ്രചാരണവും ശക്തമാണ്. ജനസംഖ്യ അതിനൊരു നിമിത്തമാവുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
ആഗ്രയിലും ഇൻഡോറിലും പാറ്റ്‌നയിലും കിട്ടി
ജനസംഖ്യാ മാനദണ്ഡം ഉയർത്തി പിടിക്കുമ്പോഴും ഉത്തരേന്ത്യൻ നഗരങ്ങളുടെ കാര്യത്തിൽ ഇത്തരം കടുംപിടിത്തങ്ങൾ ഇല്ലെന്നതാണ് യാഥാർഥ്യം. മധുര, കോയമ്പത്തൂർ എന്നിവയ്ക്ക് മെട്രോ നിഷേധിക്കാൻ കേന്ദ്രം പറഞ്ഞ അതേ കാരണങ്ങൾ നിലവിലുണ്ടായിട്ടും ഈ മൂന്ന് നഗരങ്ങൾക്ക് മെട്രോ ലഭിച്ചിട്ടുണ്ടെന്നതാണ് സുപ്രധാന കാര്യം. അതേ പരിഗണന തിരുവനന്തപുരത്തിനും കിട്ടുമോ എന്ന് മാത്രമാണ് അറിയേണ്ടത്.
2016ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ഉത്തർ പ്രദേശ് സർക്കാർ ആഗ്ര മെട്രോയ്ക്ക് വേണ്ടി സമർപ്പിച്ച ഡിപിആർ 2017ൽ സ്ഥാപിക്കപ്പെട്ട പുതിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രം തള്ളി കളഞ്ഞിരുന്നു. പിന്നീട് യോഗി ആദിത്യനാഥിന്റെ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പുതിയ ഡിപിആർ സമർപ്പിക്കുകയും മെട്രോയ്ക്കുള്ള അംഗീകാരം നേടുകയും ചെയ്‌തിരുന്നു.
2011 സെൻസസ് പ്രകാരം ആഗ്ര നഗരത്തിലെ ജനസംഖ്യ 1,585,704 ആയാണ് കണക്കാക്കുന്നത്. അതായത് കേന്ദ്രം മുന്നോട്ട് വച്ച 20 ലക്ഷം ജനസംഖ്യ എന്ന കണക്കിലും എത്രയോ താഴെയാണ് എന്നർത്ഥം. എന്നിട്ടും അവിടെ മെട്രോയ്ക്ക് അംഗീകാരം ലഭിച്ചു. അതേ പരിഗണന തന്നെയാണ് തിരുവനന്തപുരവും കേന്ദ്രത്തിൽ നിന്ന് ആഗ്രഹിക്കുന്നത്.
ആഗ്രയ്ക്ക് പുറമേ മീററ്റ്, കാൺപുർ എന്നീ നഗരങ്ങളിൽ മെട്രോ പണിയാൻ യോഗി സർക്കാർ വെച്ച ഡിപിആറുകളും കേന്ദ്രം പിന്നാലെ അംഗീകരിച്ചിരുന്നു. മീററ്റ് നഗരത്തിലെ ജനസംഖ്യ 2011 സെൻസസ് പ്രകാരം 13 ലക്ഷമാണെന്ന് കണക്കാക്കുന്നു. എങ്കിലും കാൺപുർ നഗരത്തിലെ ജനസംഖ്യ 2017ലെ മാനദണ്ഡം അനുസരിക്കാനുള്ള അത്രയും ഉണ്ടായിരുന്നു.
കേരളവും ഇത് ചൂണ്ടിക്കാണിക്കും
നിലവിൽ കീറാമുട്ടിയായി നിലനിൽക്കുന്ന ജനസംഖ്യാ മാനദണ്ഡം മാത്രം മുൻനിർത്തി മെട്രോ അനുവദിക്കുന്നത് തെറ്റാണെന്ന വാദമായിരിക്കും കേരളം പ്രധാനമായി ഉയർത്തുക. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ തിരുവനന്തപുരം തലസ്ഥാന നഗരമാണ്. കേരളത്തിൽ എല്ലാ ജില്ലകളിൽ നിന്നും ദിനംപ്രതി നഗരത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അത് കൂടി പരിഗണിക്കണമെന്നാവും കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടുക.
കൂടാതെ റെയിൽവേ സ്‌റ്റേഷനുകളിലെയും വിമാനത്താവളത്തിലെയും കണക്കുകൾ കൂടി സംസ്ഥാനം നിരത്തും. റെയിൽവേയുടെ കണക്കുകൾ പ്രകാരം സെൻട്രൽ സ്‌റ്റേഷൻ എൻഎസ്‌ജി രണ്ടിലും കൊച്ചുവേളി എൻഎസ്‌ജി മൂന്ന് വിഭാഗത്തിലുമാണ്. ഒരുകോടി മുതൽ രണ്ടുകോടിവരെ യാത്രക്കാർ എത്തുന്ന സ്‌റ്റേഷനുകളെയാണ് എൻഎസ്‌ജി രണ്ടിലും 50 ലക്ഷം മുതൽ ഒരുകോടി വരെ എത്തുന്ന സ്‌റ്റേഷനുകൾ എൻഎസ്‌ജി മൂന്നിലുമാണ്. ഇതും കേരളം ഉയർത്തിക്കാട്ടാൻ സാധ്യത ഏറെയാണ്.












Click it and Unblock the Notifications