പോയവർഷം-2021: പഞ്ചാബിലെ രാഷ്ട്രീയ അടിയൊഴുക്ക്, അമരീന്ദറിന്റെ രാജി, ബിജെപി സഖ്യം
ദില്ലി: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള അമരീന്ദർ സിങ്ങിന്റെ പടിയിറക്കവും പിന്നാലെയുള്ള പാർട്ടി വിടലുമാണ് 2021 ല്‍ പഞ്ചാബ് രാഷ്ട്രീയം സാക്ഷ്യം വഹിച്ച പ്രധാന സംഭവ വികാസം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അതിശക്തനായിരുന്ന ഒരാള്‍ മാസങ്ങള്‍ക്കിപ്പുറം പാർട്ടിവിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയും അടുത്ത വർഷം നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യം ചേർന്ന് മത്സരിക്കാന്‍ പോവുകയുമാണ്.
2017 ല്‍ അമരീന്ദർ സിങിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ അന്ന് മുതല്‍ തന്നെ അദ്ദേഹവും നവജ്യോത് സിങ് സിദ്ധുവുമായുള്ള തർക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഉപമുഖ്യമന്ത്രി പദത്തിനായി സിദ്ധു നിരന്തരം ശ്രമിച്ചെങ്കിലും അമരീന്ദർ വഴങ്ങിയില്ല. പാർട്ടി അധ്യക്ഷ സ്ഥാനവും അദ്ദേഹം തന്നെ കൈവശം വെച്ചു. ഇതേ തുടർന്ന് പാർട്ടി വിടുമെന്ന സൂചന സിദ്ധു പലതവണ ഉയർത്തുകയും ചെയ്തു.

ഒടുവില്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട എ ഐ സി സി നേതൃത്വം നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് പി സി സി അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഇത് തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കിയ അമരീന്ദർ സിങ് മുഖ്യമന്ത്രി പദവിയും പിന്നാലെ പാർട്ടി അംഗത്വവും രാജിവെക്കുകയായിരുന്നു. ഇതോടെ പുതിയ മുഖ്യമന്ത്രിയായി ചരണ്‍ സിങ് ജിത് ഛന്നി നിയമിതനാവുകയും.
പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാർട്ടി രൂപീകരിച്ചാണ് അമരീന്ദർ സിങിന്റെ പ്രവർത്തനം. കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്നെ അദ്ദേഹം ബി ജെ പിയുമായി ചർച്ചകള്‍ ആരംഭിച്ചിരുന്നു. കർഷക സമരം പിന്‍വലിക്കുക എന്നൊരു ഉപാധിയായിരുന്നു സഖ്യ ചർച്ചകള്‍ക്ക് മുന്നോടിയായി അമരീന്ദർ വെച്ചത്. കർഷക സമരം പിന്‍വലിച്ച പുതിയ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അമരീന്ദറും ബിജെപിയും തമ്മിലുള്ള സഖ്യം എളുപ്പത്തില്‍ സാധ്യമാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബി ജെ പിയെ സംബന്ധിച്ചിടത്തോളം അമരീന്ദറുമായുള്ള സഖ്യം സുപ്രധാനമാണ്. കാർഷിക നിയമങ്ങൾ ചൂണ്ടിക്കാട്ടി അതിന്റെ ദീർഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദൾ നേരത്തെ എൻ ഡി എ വിട്ടിരുന്നു. നിയമങ്ങൾ ഇപ്പോൾ അസാധുവാക്കിയെങ്കിലും എസ് എ ഡി, ബി ജെ പി സഖ്യം സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ഉണ്ടായിട്ടില്ല. അടുത്തവർഷം ആധ്യത്തോടെയായിരിക്കും സഖ്യ ചർച്ചകള്‍ തുടരുക.












Click it and Unblock the Notifications