യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; മുഖ്യപ്രതി ജെയ്‌സൺ കീഴടങ്ങി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യപ്രതി ജെയ്‌സൺ മുകളേല്‍ കീഴടങ്ങി. കോടതി നിര്‍ദ്ദേശ പ്രകാരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. ജെയ്‌സണിന്റെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഈസ്‌റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് പിടിയിലായ ജെയ്‌സണ്‍ മുകളേല്‍. കീഴടങ്ങിയാൽ ഇയാളെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
ജെയ്‌സന്റെ നേതൃത്വത്തിലാണ് സിആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ കേസിൽ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് പോലീസ് പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജെയ്‌സണെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സിആര്‍ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു ഇവരുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം. തിരുവനന്തപുരം മ്യൂസിയം പോലീസാണ് രാകേഷിനെ പിടികൂടിയത്. ജെയ്‌സണും രാജേഷും ചേർന്നാണ് ആപ്പ് തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.
കേസില്‍ നേരത്തെ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയ്‌ത് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ഫെനി, ബിനിൽ ബിനു, വികാസ് കൃഷ്‌ണൻ എന്നിവരെയായിരുന്നു കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയില്‍ രേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ പോലീസ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമായിരുന്നു കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പരാതിയിലും പോലീസ് കേസെടുത്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടം വിജയിച്ച് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു വ്യാജ ഐഡി കാർഡ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.












Click it and Unblock the Notifications