
'പോരാട്ടമാണ് ബദൽ പൊറോട്ടയല്ലെന്ന്' ഡിവൈഎഫ്ഐ, മറുപടിയുമായി യൂത്ത് ലീഗും, യൂത്ത് കോൺഗ്രസും, ബാനർ പോര്
മലപ്പുറം: രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂരിലും ബാനർപോര്. പോരാട്ടമാണ് ബദൽ പൊറോട്ടയല്ല" എന്നഴുതിയ ഫ്ലക്സാണ് യാത്ര കടന്ന് പോകുന്ന വഴിയിൽ ഡിവൈഎഫ്ഐ സ്ഥാപിച്ചത്. എന്നാൽ ഇതിന് മറുപടിയായി യൂത്ത് ലീഗും മുന്നോട്ട് എത്തിയതോടെയാണ് നിലമ്പൂരും ബാനർ പോര് ആരംഭിച്ചത്.
. "തീ ഇട്ടത് സംഘികളുടെ ട്രൗസസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ" എന്നാണ് യൂത്ത് ലീഗ് ഉയർത്തിയ ബാനറിലെ വരികൾ.പിന്നാലെ ഡിവൈഎഫ്ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസും ബാനർ ഉയർത്തി. ആരാധകരെ ശാന്തരാകുവിൻ പോരാട്ടം ആർഎസിനോടാണ് എന്നാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയ ബാനറിലുള്ളത്.
കാക്കിയും ചുവപ്പുമുള്ള നിക്കറിന്റെ ചിത്രം വച്ച ഫ്ലക്സ് ഡിവൈഎഫ്ഐയുടെ ഫ്ലക്സിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ പെരിന്തൽമണ്ണ ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടത്തിൽ ഡിവൈഎഫ്ഐ കറുത്ത ബാനർ തൂക്കിയിരിന്നു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നായിരുന്നു എഴുതിയത്.
തുടർന്ന് ബാനറിന് മറുപടിയുമായി കോൺഗ്രസ് നേതാവ് വിടി ബലറാം രംഗത്തെത്തിയിരുന്നു 'കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസുമായി ജനങ്ങൾ എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്. രാഹുലിന്റെ ശ്രദ്ധ തിരിക്കാൻ ഇത്തരം ഞാഞ്ഞൂലുകൾക്ക് കഴിയില്ല എന്നും ബൽറാം പ്രതികരിച്ചിരുന്നു.
'ഈ യാത്ര രാജ്യത്തെ ഒന്നിപ്പിക്കാനുള്ളതാണ്. സംഘപരിവാറിനെതിരായി ഉള്ളതാണ്. ഹോളിവുഡ് അഭിനയതാക്കൾ അടക്കം ഈ യാത്രയ്ക്ക് ആശംസ അറിയിക്കുന്നു. എന്നിട്ടും സിപിഎമ്മിന് എന്തിനാണ് ഇത്രയും അസഹിഷ്ണുതയെന്നും ബൽറാം ചോദിച്ചിരിന്നു.
'കേരളത്തിലെ സിപിഎം അസ്ഹിഷ്ണുക്കളും, അപഹർഷത ബോധമുള്ളവരുമായി ചുരുങ്ങുന്നത് നാടിന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. സിപിഎമ്മിന്റെ വിമർശനങ്ങൾ കോൺഗ്രസിന് കരുത്തായാണ് മാറുന്നത്.കോൺഗ്രസിനെ തകർക്കാൻ ആരോടും കൂട്ട് കൂടും എന്ന് പറഞ്ഞ ഇഎംഎസിന്റെ നാട്ടിലാണ് ബാനർ ഉയർന്നത് എന്നത് ഏറെ രസകരമാണ്'.
'ഇത്രയും കാലം കഴിഞ്ഞിട്ടും അവർക്ക് ആ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ നിന്ന് പുറത്ത് വരാൻ ആയിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള ആഹ്വാനത്തെ എല്ലാം തള്ളിക്കളഞ്ഞ് കൊണ്ട് രാഹുൽ ഗാന്ധിയുടെ യാത്രക്ക് പിന്തുണയുമായി നിരവധി പേരെത്തി. സിപിഎമ്മിന്റെ അണികൾക്ക് പോലും ആ രാഷ്ട്രീയത്തിനോട് താൽപര്യമില്ല എന്നതിന്റെ തെളിവാണ് അതെന്നും ബൽറാം പ്രതികരിച്ചിരുന്നു.
എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയയും ഡിവൈഎഫ്ഐയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു''പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക - ഡിവൈഎഫ്ഐ ഫുഡ് വ്‌ളോഗ്‌സ്''- ഡിവൈഎഫ്ഐയെ പരിഹസിച്ച് തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടാം ദിവസവും മലപ്പുറം ജില്ലയിൽ പര്യടനം തുടരുകയാണ്. രാവിലെ 6.30 തിന് പാണ്ടിക്കാട് നിന്നുമാണ് യാത്ര തുടങ്ങിയത്. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെയാണ് യാത്ര അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് കടക്കുന്നത്.
'രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ തിരിക്കാന്‍ ഞാഞ്ഞൂലുകള്‍ക്കാവില്ല'; പരിഹാസവുമായി വിടി ബൽറാം