'ആ ചിത്രം എന്റേത്, പക്ഷെ ഞാനല്ല കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്'; രേഖാചിത്രത്തോട് സാമ്യമുള്ള ഷാജഹാന്‍ പറയുന്നു
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഈ രേഖാചിത്രവുമായി സാമ്യമുണ്ടായി എന്നതിന്റെ പേരില്‍ ചന്ദനത്തോപ്പ് സ്വദേശിയായ ഷാജഹാന്റെ വീട് ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഷാജഹാന്‍. ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് തന്നെ ആക്രമിക്കുന്നത് എന്ന് ഷാജഹാന്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
നേരത്തെ കേസില്‍ പ്രതിയായതിനാല്‍ തന്റെ ഫോട്ടോ സ്‌റ്റേഷനുകളില്‍ ഉണ്ട്. ഇത് പുറത്ത് വരിക കൂടി ചെയ്തതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല എന്നാണ് ഷാജഹാന്‍ പറയുന്നത്. മുന്‍പ് കേസിന്റെ പശ്ചാത്തലം ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍ ആര്‍ക്കും എന്തും ചെയ്യാം എന്നാണോ എന്ന് മകളും ചോദിക്കുന്നു. ഇരുവരും വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞത് ഇങ്ങനെയാണ്...

ഷാജഹാന്‍
'ഞാനാണ് ഈ കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്ന് പറഞ്ഞ് മൊബൈലിലും ടിവിയിലും ഒക്കെ വാര്‍ത്ത വന്ന് കൊണ്ടിരുന്നു, എന്റെ ഫോട്ടോ ഉള്‍പ്പടെ. ഇത് കണ്ട് ഭയന്ന് വീട്ടില്‍ കയറാതെ എന്റെ മോളുടെ വീട്ടിലേക്ക് പോയി. മോളേയും കൂട്ടി നേരെ സ്‌റ്റേഷനിലേക്ക് വന്നു. ഞാന്‍ ആ സമയം ഈ സ്ഥലത്തായിരുന്നു എന്നതിന്റെ തെളിവും സ്‌റ്റേഷനില്‍ കൊടുത്തു. ഇതൊക്കെ പരിശോധിച്ച ശേഷം സ്‌റ്റേഷനിലുള്ളവര്‍ സംഭവം താനല്ല എന്ന് പറഞ്ഞിട്ട് മൂന്ന് നാല് മണിക്കൂര്‍ അവിടെ നിര്‍ത്തി.
എന്റെ ഫോണ്‍ വാങ്ങി വെച്ച് സിഐ പറഞ്ഞുവിട്ടു. അതിന് ശേഷം ചിലര്‍ എന്റെ വീട് കയറി ആക്രമിച്ചു. പരിസരത്തുള്ളവരാണ് എന്നാണ് തോന്നുന്നത്. ആരാണ് എന്ന് അറിയില്ല. പൊലീസ് എത്രയും പെട്ടെന്ന് ഈ പ്രതിയെ കണ്ടെത്തിയെങ്കിലും എനിക്കും ഇതിന് അകത്തുള്ള വിഷമം മാറത്തുള്ളൂ. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. വീട് ആക്രമിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ ഞങ്ങള്‍ നോക്കിക്കോളാം എന്നാണ് പൊലീസ് പറഞ്ഞത്.
ഇനി നിയമപരമായി പരാതി കൊടുക്കാന്‍ പോകുകയാണ്. എന്നെ പൊലീസ് പിടിച്ച് വെച്ചിരിക്കുകയാണ് അറസ്റ്റ് ചെയ്തിരിക്കുകയാണ് എന്നൊക്കെ അമൃത ടിവിയാണ് കൊടുത്തത്. വീട്ടില്‍ നില്‍ക്കാന്‍ ഭയമാണ്. പൊലീസ് വീട്ടില്‍ തിരഞ്ഞെത്തിയിരുന്നു. എന്നെ അറിയാവുന്നതാണ് പൊലീസിന്. നേരത്തെ പ്രതിയായിരുന്നതിനാല്‍ തന്നെ എന്നെ കുറിച്ച് അറിയാമായിരുന്നു.
മകള്‍
കുട്ടിയെ കിട്ടിയ അന്നാണ് പൊലീസ് തിരഞ്ഞ് വന്നത്. നേരത്തെ ഒന്ന് രണ്ട് കേസുകളില്‍ പ്രതിയായിരുന്നു. ആ സമയത്ത് എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. അത് സ്റ്റേഷനില്‍ നിന്നല്ലാതെ പോകാന്‍ സാധ്യതയില്ലല്ലോ. ഞാന്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. തിരിച്ചുവരുമ്പോഴായിരുന്നു ഈ ചിത്രം കണ്ടത്. അത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. കാരണം ഞങ്ങളുടെ കൂടെയുണ്ടല്ലോ ഉപ്പ.
ഇനി എന്ത് സംഭവിക്കും അറിയാതെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്. ആള്‍ പുറത്തായിരുന്നു. ഞങ്ങള്‍ വിളിച്ച് വരുത്തി നേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ് ഐ പറഞ്ഞു നിങ്ങളല്ല, ഞങ്ങള്‍ അന്വേഷിച്ചിട്ടുണ്ടായിരുന്നു. പക്ഷെ നിങ്ങളല്ല എന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞ് വിടുകയായിരുന്നു. അത് കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അമൃത ചാനലുകാര്‍ ഇത് ന്യൂസാക്കി.
അതിന് ശേഷം ഞങ്ങള്‍ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വരികയായിരുന്നു. പിന്നെ വീട് അടിച്ചു തകര്‍ത്തു എന്ന് അറിഞ്ഞപ്പോള്‍ വലിയ വിഷമമായി. പണ്ട് അങ്ങനെയൊരു പശ്ചാത്തലമുണ്ടായിരുന്നു എന്ന് വെച്ച് ആര്‍ക്കും എന്തും ചെയ്യാം എന്നാണോ. ഇങ്ങനൊരു സാഹചര്യം വരുമ്പോള്‍ സഹായിക്കുക എന്നുള്ളത്. പൊലീസിന്റെ കടമയല്ലേ.












Click it and Unblock the Notifications