കുണ്ടറയിലെ തോൽവി, മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് അടക്കമുളള നേതാക്കളോട് വിശദീകരണം തേടി സിപിഎം
കൊല്ലം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് കോട്ടയായ കൊല്ലം ജില്ലയിലെ കുണ്ടറയിലടക്കം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. മത്സരിച്ച മന്ത്രിമാരില്‍ തോല്‍വി അറിഞ്ഞത് കുണ്ടറയില്‍ മത്സരിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മാത്രമായിരുന്നു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ കുണ്ടറ പിസി വിഷ്ണുനാഥിലൂടെ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കുണ്ടറയിലേയും കരുനാഗപ്പള്ളിയിലേയും തിരഞ്ഞെടുപ്പ് തോല്‍വികളില്‍ സിപിഎം കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ നിന്ന് വിശദീകരണം തേടി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പിനോട് അടക്കമാണ് പാര്‍ട്ടി വിശദീകരണം തേടിയിരിക്കുന്നത്.
തുളസീധരക്കുറുപ്പിനോട് കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആര്‍ വസന്തന്‍, എന്‍എസ് പ്രസന്നകുമാര്‍ എന്നിവരില്‍ നിന്നാണ് സിപിഎം വിശദീകരണം തേടിയിരിക്കുന്നത്. ഇത് കൂടാതെ കുണ്ടറ ഏരിയ സെക്രട്ടറി എസ്എല്‍ സജി കുമാറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. നേതാക്കളില്‍ നിന്നുളള വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുളള നടപടികളെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഎം തോല്‍വി ഏറ്റ മണ്ഡലങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണ്. എസ് രാജേന്ദ്രന്‍ കണ്‍വീനറായ അന്വേഷണ കമ്മീഷന്‍ ആണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ചുളള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സിപിഎം മത്സരിച്ച കുണ്ടറയിലും സിപിഐയുടെ ആര്‍ രാമചന്ദ്രന്‍ മത്സരിച്ച കരുനാഗപ്പളളിയിലും ഇത്തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര സംഘടനാ വീഴ്ച ഉണ്ടായതാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികള്‍ ആയവര്‍ക്ക് എതിരെ നടപടിയും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ആയിരുന്നു ജെ മേഴ്‌സിക്കുട്ടിയമ്മ. മന്ത്രിയായി മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും ആഴക്കടല്‍ മത്സ്യബന്ധന വിവാദം മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ യുവനേതാവ് പിസി വിഷ്ണുനാഥിനോട് 4454 വോട്ടുകള്‍ക്കാണ് മേഴ്‌സിക്കുട്ടിയമ്മ തോറ്റത്. കുണ്ടറയിലും കരുനാഗപ്പള്ളിയിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ തോറ്റതിന് സിപിഎമ്മിനെയാണ് സിപിഐ അവലോകന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. കുണ്ടറയിലെ തോല്‍വിക്ക് കാരണം മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവ രീതിയാണെന്നാണ് സിപിഐയുടെ കണ്ടെത്തല്‍.












Click it and Unblock the Notifications