ചിന്നക്കട ‘ബസ് ബേ’ അപകടരഹിതമാക്കാനുള്ള നടപടികൾ തുടക്കത്തിലേ പാളിയെന്ന് ആരോപണം
‘ബസ് ബേ'യുടെ തുടക്കത്തിൽമാത്രം ബസുകൾ നിരയായി നിർത്തിയിടുന്നതുമൂലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽവരെ ഗതാഗതക്കുരുക്കുണ്ടാകുന്നു

കൊല്ലം : ചിന്നക്കട 'ബസ് ബേ' അപകടരഹിതമാക്കാനുള്ള നടപടികൾ തുടക്കത്തിൽ തന്നെ പിഴവ് വന്നതായി ആരോപണം. ബസുകൾ ബസ് ബേയ്ക്കുള്ളിൽ നിർത്തണമെന്ന നിർദേശമടങ്ങിയ ബോർഡ് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്ഥാപിച്ചത് രണ്ടുദിവസത്തിനുള്ളിൽ അപ്രത്യക്ഷമായി. ബോർഡ് സ്ഥാപിച്ചിരുന്ന കമ്പി ഉൾപ്പെടെ കാണാനുമില്ല.
'ബസ് ബേ'യുടെ തുടക്കത്തിൽമാത്രം ബസുകൾ നിരയായി നിർത്തിയിടുന്നതുമൂലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽവരെ ഗതാഗതക്കുരുക്കുണ്ടാകുന്നു. കെ.എസ്.ആർ.ടി.സി. ബസുകൾ ബസ് ബേയിൽ കയറാത്തതുമൂലം പ്രധാനപാതയിലെ വീതികുറഞ്ഞ ഡിവൈഡറിലാണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത്.
ഇത് അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. നിരന്തരം പരാതികൾ ഉയർന്നതിനെത്തുടർന്നാണ് കെ.എസ്.ആർ.ടി.സി. ബസുകളടക്കം ഉടൻ ബസ് ബേയ്ക്കുള്ളിലൂടെ കടത്തിവിടാൻ അടുത്തിടെ തീരുമാനിച്ചത്.
ചവറ, അഞ്ചാലുംമൂട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് ബസ് ബേയിൽ നിർത്തിയിടാൻ പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചുനൽകുമെന്ന് ട്രാഫിക് പോലീസിന്റെ അറിയിപ്പുമുണ്ടായി.
കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്തിയിടാൻ ക്രമീകരണമൊരുക്കുമെന്നും നിശ്ചിത സ്ഥാനങ്ങളിലല്ലാതെ നിർത്തുന്ന ബസുകളിൽനിന്ന് പിഴയീടാക്കുമെന്നും യാത്രക്കാരുടെ സൗകര്യാർഥം ബസ് ബേയിൽ രണ്ട് ഓട്ടോകൾക്ക് പാർക്ക് ചെയ്യാനുള്ള അനുവാദം തുടരുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. ഇതൊന്നും നടപ്പാകാതെവന്നതോടെ ബസ് ബേയുടെ ഒരുഭാഗം മുഴുവൻ സ്വകാര്യവാഹനങ്ങൾ നിർത്തിയിടുകയാണ്.
ഗതാഗതതടസ്സമുണ്ടാക്കുംവിധം ഈഭാഗത്ത് നിർത്തിയിടുന്ന ഓട്ടോകൾക്കെതിരേയും നടപടിയുണ്ടായില്ല. കൊട്ടാരക്കര, ചാത്തന്നൂർ ഭാഗങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ അപകടകരമായ രീതിയിൽ, അതിവേഗത്തിൽ ബസ് ബേയിലേക്ക് ഇപ്പോഴും എത്തുന്നു.
കാൽനടയാത്രികർക്ക് സുരക്ഷിതമായി കടന്നുപോകാൻ പാർവതി മില്ലിനുമുന്നിൽ നിർമിച്ച മേൽപ്പാലത്തിലേക്ക് കടക്കാൻപോലും അനുവദിക്കാതെ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്.
ജില്ലാ ആശുപത്രിയിലേക്കും വിക്ടോറിയ ആശുപത്രിയിലേക്കും അതിവേഗമെത്തുന്ന ആംബുലൻസുകൾക്കുപോലും കടക്കാനാകാത്തവിധം റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതായി ആരോപണമുണ്ട്. ഇതിനെതിരേ നടപടിയില്ലെന്ന പരാതിയും വ്യാപകമാണ്.
നഗരത്തിലെ വിദ്യാലയങ്ങൾക്കു മുന്നിൽപ്പോലും സീബ്രാലൈനുകൾ കാണാനില്ലാ എന്നാണ് ആരോപിക്കുന്നത്. കളക്ടറേറ്റിനു സമീപമുള്ള ടൗൺ എൽ.പി.എസിൽ പഠിക്കുന്ന ചെറിയ കുട്ടികൾ ഭീതിയോടെയാണ് റോഡ് കുറുകേ കടക്കുന്നത്. കാൽനടയാത്രക്കാർ ഏറെയെത്തുന്ന ഹൈസ്കൂൾ ജങ്ഷൻ, താലൂക്ക് കച്ചേരി, ചിന്നക്കട, ആശ്രാമം റോഡ്, ബസ് ബേ തുടങ്ങിയയിടങ്ങളിലും കാൽനടയാത്രക്കാർക്ക് സീബ്രാലൈനിന്റെ സുരക്ഷയില്ലാത്ത സ്ഥിതിയാണ്.












Click it and Unblock the Notifications