പത്മകുമാറിന്റെ മൊഴിയിൽ വൈരുധ്യം ? ദുരൂഹതയേറുന്നു, ഭാര്യക്കും മകൾക്കും പങ്കുണ്ടെന്ന് കണ്ടെത്തൽ
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതി പത്മകുമാറിന്റെ മൊഴിയിൽ വൈരുധ്യമെന്ന് സൂചന. മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദുരുഹതയും വർധിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണെന്നാണ് പത്മകുമാർ പറയുന്നത്.
ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചതാവട്ടെ തന്റെ മകൾക്ക് വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് കുട്ടിയുടെ അച്ഛൻ വാഗ്‌ദാനം നൽകിയെന്നാണ്. എന്നാൽ മകൾ പഠിച്ചത് കമ്പ്യൂട്ടർ സയൻസാണെന്ന് പത്മകുമാറിന്റെ തന്നെ മൊഴിയിൽ പറയുന്നു.

കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എങ്ങനെയാണ് വിദേശത്ത് നഴ്‌സിംഗ് പഠിക്കാനാകുക എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അതുകൊണ്ടുതന്നെ പത്മകുമാറിന്റെ ഈ മൊഴി കെട്ടുകഥയാണെന്ന സംശയവും ബലപ്പെടുകയാണ്. കേസിലെ ദുരൂഹതകളും ഇതോടെ വർധിച്ചു വരികയാണ്.
അതേസമയം, പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട ആസൂത്രണമാണ് പത്മകുമാറിന്റെ കുടുംബം നടത്തിയത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10 ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു.
തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്‌തതെന്നാണ് ലഭ്യമായ വിവരം. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ കേസില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
നെടുങ്കോലം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്‌പയെടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതെ പത്മകുമാറും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നെന്നും സൂചനയുണ്ട്. എന്നാല്‍ 10 ലക്ഷം രൂപ കണ്ടെത്താന്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാമെന്ന് തീരുമാനിച്ച യുക്തിയ്ക്ക് പിന്നിലെ കാരണമാണ് പോലീസിനെ കുഴക്കുന്നത്.
അതേസമയം, കേസിൽ ഇന്ന് ഉച്ചയോടെയാണ് പത്മകുമാറിനെയും ഭാര്യയെയും മകളെയും പോലീസ് പിടികൂടിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.
തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. പത്മകുമാറിനേയും കുടുംബത്തേയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.












Click it and Unblock the Notifications