തട്ടികൊണ്ട് പോകലിന് കാരണം റെജിയോടുള്ള പ്രതികാരം...; പത്മകുമാറിന്റെ ആദ്യ മൊഴി പുറത്ത്
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി പത്മകുമാറിന്റെ ആദ്യ മൊഴി പുറത്ത്. കൃത്യത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്നാണ് പ്രതി പത്മകുമാറിന്റെ ആദ്യ മൊഴിയിൽ പറയുന്നത്.
കൃത്യത്തില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നും ഇയാൾ മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നടത്താനുള്ള കാരണം കുട്ടിയുടെ പിതാവായ റെജിയോടുള്ള പ്രതികാരമാണ്. മകളുടെ നഴ്‌സിങ് പ്രവേശനത്തിന് റെജിക്ക് 5 ലക്ഷം നല്‍കിയെങ്കിലും അഡ്‌മിഷൻ ലഭിച്ചില്ല.

എന്ന് മാത്രമല്ല ഈ പണം റെജി തിരിച്ചു നല്‍കിയതുമില്ല. അതിനാൽ തന്നെ റെജിയുടെ കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു തട്ടികൊണ്ട് പോകലിന്റെ ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കി. പത്മകുമാറിന്റെ ചിത്രം കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പത്മകുമാറിന്റെ മൊഴി പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചത്.
അതേസമയം, പത്മകുമാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്‌റ്റഡിയിലുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം. ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നാണ് വിവരം. അയൽവാസികളുമായി അധികം ബന്ധമുണ്ടായിരുന്നില്ല.
പത്മകുമാർ നാട്ടിൽ ഒരു ബേക്കറി നടത്തിയിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ ഇപ്പോൾ പിടിയിലായ 3 പേരിൽ പത്മകുമാറിന് മാത്രമാണ് നേരിട്ട് ബന്ധമുള്ളതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.












Click it and Unblock the Notifications