കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചത് 18 വയസ്സുകാരായ സുഹൃത്തുക്കൾ; പരിചയപ്പെട്ടത് ഒരുമാസം മുമ്പ്
കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തു ഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ് അനന്തു ( 18 ), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് ( കടൂരപറമ്പിൽ ) മധുവിന്റെ മകൾ മീനാക്ഷി ( 18 ) എന്നിവരാണ് മരിച്ചത്. അനന്തുവും പെൺകുട്ടിയും ഒരു മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച വൈകീട്ട് 5. 30 ന് കല്ലുംതാഴം റെയിൽ വേ ഗേറ്റിന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്. കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് മരണം. റെയിൽ വേ ട്രാക്കിലൂടെ മുന്നോട്ട് പോയ ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ പരസ്പരം ആലിംഗനം ചെയ്ത് നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

കൊല്ലം ഫാത്തിമ മാതാ കോളിജിലെ മലയാളം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ് അനന്തു. മീനാക്ഷി പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയാണ്. ഇരുവരും ഒരു മാസം മുൻപാണ് പരിചയപ്പെട്ടത്. സിനിമ കാണാൻ പോകുന്നു എന്ന് പറഞ്ഞായിരുന്നു അനന്തു വീട്ടിൽ നിന്ന് ഇറങ്ങിയത്.
തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിന് വേണ്ടി ഫീസ് അടയ്ക്കാൻ ആണെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരവും തിരിച്ചെത്താത്തിനെ തുടർന്നാണ് വീട്ടുകാർ പോലീസിനെ അറിയിച്ചത്. രാത്രിയോടെയാണ് കിളികൊല്ലൂരിൽ രണ്ട് പേർ തീവണ്ടി തട്ടി മരിച്ചെന്ന വാർത്ത വീട്ടുകാർ അറിഞ്ഞത്.












Click it and Unblock the Notifications