'ഭാര്യയെ എപ്പോഴും ശല്യം ചെയ്യുന്നു'; കൊല്ലത്ത് പട്ടാപ്പകൽ യുവാവിനെ തീകൊളുത്തിയ യുവാവ് കീഴടങ്ങി
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് ബന്ധുവായ യുവാവിനെ പൊട്രോൾ ഒഴിച്ച് തീകൊളുത്തി കാെലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പോരേടം സ്വദേശി സനൽ ആണ് കീഴടങ്ങിയത്. സനൽ കൊലപ്പെടുത്താൻ നോക്കിയ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധമാണ് കൊലപാതക ശ്രമത്തിലേക്ക് എത്തിച്ചത്. പട്ടാപ്പകൽ ആണ് സനൽ കലേഷിനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് എത്തിയാണ് സനൽ ആക്രമണം നടത്തിയത്. ബക്കറ്റിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊല്ലത്ത് പോരേടം ചന്തമുക്കിലായിരുന്നു സംഭവം. പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്കോടിയ കലേഷിന്റെ ദേഹത്തേക്ക് ഇയാൾ പന്തത്തിൽ തീ കൊളുത്തി എറിഞ്ഞു. ദേഹമൊട്ടാകെ തീപിടിച്ച കലേഷ് നിലവിളിച്ച് ഓടി.

ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കലേഷിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. 80 ശതമാനം പൊള്ളലേറ്റ കലേഷ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തീ കൊളുത്തിയ ശേഷം സനൽ ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും അത് കൊണ്ടാണ് കൊല്ലാൻ ശ്രമിച്ചതെന്നുമാണ് സനൽ പറയുന്നത്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് ചടയമംഗലം പോലീസ് പറഞ്ഞു.












Click it and Unblock the Notifications