മുടിയില്‍ കളര്‍ ചെയ്തു വന്നു; ആദ്യദിനം തന്നെ ആറാം ക്ലാസുകാരനെ പുറത്താക്കി സ്‌കൂള്‍
കൊല്ലം: മുടിയില്‍ കളര്‍ ചെയ്തു എന്ന കാരണം പറഞ്ഞ് ആദ്യ ദിനം സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരനെ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കിയതായി പരാതി. കൊല്ലം ജില്ലയിലെ ആയുര്‍ ചെറുപുഷ്പം സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിക്കാത്തതിനാല്‍ ഒരാഴ്ച സ്‌കൂളില്‍ വരേണ്ട എന്നാണ് കുട്ടിയോട് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്നത്.
സംഭവം അറിഞ്ഞ് എസ് എഫ് ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. മുടിയില്‍ കളര്‍ ചെയ്തതിനാല്‍ കുട്ടിയെ ക്ലാസിലിരുത്താന്‍ അനുവദിക്കില്ല എന്നാണ് ടീച്ചറും പ്രിന്‍സിപ്പാളും പറഞ്ഞത് എന്ന് കുട്ടിയുടെ മുത്തശ്ശി സുനിത മീഡിയ വണ്ണിനോട് പറഞ്ഞു. സ്‌കൂളില്‍ വന്നപ്പോള്‍ ടീച്ചര്‍ പറഞ്ഞു പ്രിന്‍സിപ്പാളെ കാണാന്‍. പ്രിന്‍സിപ്പാളുടെ മുറിയില്‍ എത്തിയപ്പോള്‍ ആണ് കുട്ടിയുടെ മുടി കണ്ടില്ലേ എന്ന് ചോദിച്ചത് എന്ന് സുനിത പറയുന്നു.

'ഇത് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ, ഇത് ഇവിടെ അംഗീകരിച്ചിട്ടില്ല, ഇവിടെ ഇരിക്കാന്‍ പറ്റത്തില്ല. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെ കൊണ്ടുപൊയ്‌ക്കോ. ഇവന്റെ അമ്മ വന്നപ്പോള്‍ പറഞ്ഞ കാര്യമാണ് ഇത് ആവര്‍ത്തിക്കരുതെന്ന്. അഹങ്കാരം കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഇവിടെ ഇവനെ നിര്‍ത്തിപ്പോയാല്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലേ ഇരിക്കൂ. അല്ലാതെ ക്ലാസില്‍ വിടില്ല' എന്നാണ് പറഞ്ഞത്' എന്നും സുനിത കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്‌കൂളിന് സ്‌കൂളിന്റേതായുള്ള നിയമങ്ങളുണ്ട് എന്നും അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും പ്രിന്‍സിപ്പാള്‍ ജോര്‍ജ് കുട്ടി പറഞ്ഞു. അക്കാര്യം മാത്രമെ ഇവിടെ രക്ഷിതാക്കളോടും പറഞ്ഞിട്ടുള്ളൂവെന്നും ജോര്‍ജ് കുട്ടി വ്യക്തമാക്കി. മറ്റൊന്നും ഇവിടെ നടന്നിട്ടില്ല. സംഭവം അറിഞ്ഞെത്തിയ സംഘടനകളും ആള്‍ക്കാരും വന്നപ്പോഴുണ്ടായ സ്വാഭാവിക പ്രശ്‌നം മാത്രമാണ് ഇവിടെ ഉണ്ടായത് എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
എന്നാല്‍ സ്‌കൂളിന്റെ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ നീക്കം. കുട്ടിയെ ഇക്കാരണത്താല്‍ ഇന്നലെ നടന്ന പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ഇത് അറിഞ്ഞ് എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി. പ്രതിഷേധം നേരിയ കയ്യാങ്കളിയിലേക്കും വാക്കേറ്റത്തിലേക്കും നീങ്ങുകയും ചെയ്തു.
അതിനിടെ പരാതി ഉയര്‍ന്നതോടെ ശിശുക്ഷേമ സമിതിയും പൊലീസും സ്‌കൂളില്‍ എത്തി. അതേസമയം സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയ വിദ്യാര്‍ത്ഥിയുടെ ടിസി വാങ്ങി രക്ഷിതാക്കളും മടങ്ങി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കും എന്ന് എസ് എഫ് ഐ അറിയിച്ചു.












Click it and Unblock the Notifications