മോശം റിവ്യൂവിന് പിന്നില്‍ രാഷ്ട്രീയം? ലാലിന്റെ സിനിമ തകര്‍ന്നില്ലേ; മുകേഷിനായി താരങ്ങള്‍ എത്തുമോ, മറുപടി
കൊല്ലം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് വരെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം രണ്ട് പേര്‍ മലയാള സിനിമയിലെ മിന്നും താരങ്ങളാണ്. തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയും കൊല്ലത്തെ സിറ്റിംഗ് എം എല്‍ എയും സി പി എം സ്ഥാനാര്‍ത്ഥിയുമായ മുകേഷും. ഇരുവരും പ്രചരണം തുടങ്ങിയിട്ട് നാളേറെയായി.
സിനിമാ താരങ്ങള്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് പുതിയ സംഭവമല്ല. ഇന്നസെന്റ്, കെബി ഗണേഷ് കുമാര്‍, മുരളി, ഭീമന്‍ രഘു, ധര്‍മജന്‍ ബോള്‍ഗാട്ടി, ജഗദീഷ് എന്നിവരെല്ലാം കേരളത്തില്‍ ജനവിധി തേടിയിട്ടുള്ള സിനിമാ താരങ്ങളാണ്. അഭിനേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ അവരെ പിന്തുണച്ച് സഹതാരങ്ങള്‍ പ്രചരണത്തിന് എത്താറുണ്ട്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഇത്തരത്തില്‍ പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇത്തവണ താരങ്ങളെ പ്രചരണത്തിന് താന്‍ മുന്‍കൈ എടുത്ത് കൊണ്ടുവരില്ല എന്നാണ് മുകേഷ് പറയുന്നത്. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് വരാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താരങ്ങളെ കൊണ്ടുവരാത്തതിന് പിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കി. അതിന്റെ പേരില്‍ സഹപ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയില് തേജോവധം ചെയ്യും എന്ന് മുകേഷ് ചൂണ്ടിക്കാട്ടി.
'എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. നമ്മുടെ കൂടെ നില്‍ക്കുന്ന സിനിമയില്‍ നിന്നുള്ളവരെ പ്രചാരണത്തിന് വരാന്‍ നമ്മള്‍ നിര്‍ബന്ധിക്കരുത്. മനസ് അര്‍പ്പിച്ച് വരുന്നവര്‍ വരട്ടെ. നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ സോഷ്യല്‍ മീഡിയയിലെ അടിയൊക്കെ. ഒരാള്‍ അങ്ങോട്ട് പോയാലും ഇങ്ങോട്ട് പോയാലും തേജോവധം ചെയ്യരുത്. അവരുടെ പോസ്റ്റര്‍ വലിച്ച് കീറുക, അവരുടെ പടത്തിന് മോശം റിവ്യൂ നല്‍കുക ഇതൊക്കെ നമ്മള്‍ കാണുന്നുണ്ട്.
ഏറ്റവും വലിയ നടനായ മോഹന്‍ലാലൊക്കെ തന്നെ ഭയങ്കരമായിട്ട് സോഷ്യല്‍ മീഡിയയില്‍ റിവ്യൂസും മറ്റും നേരിടുകയാണ്. അതിന് പിന്നിലൊക്കെ രാഷ്ട്രീയമാണ് എന്നൊക്കെ പറയുമ്പോഴേക്ക് ഒരുപാട് പേര്‍ മടിക്കും. എന്നാലും വരുന്നവര്‍ വന്നാല്‍ സന്തോഷമാണ്,' എന്നായിരുന്നു മുകേഷ് പറഞ്ഞത്. അതേസമയം പ്രചരണത്തിന് ചൂടേറിയ കാലാവസ്ഥയൊന്നും തടസമാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍ ഒരുപാട് സ്ഥലങ്ങളൊക്കെ കവര്‍ ചെയ്യണം. അതിനാല്‍ തന്നെ സാധാരണഗതിയില്‍ വേഗത കുറവായിരിക്കും. എന്നാല്‍ അത്ഭുതപ്പെടുത്തി കൊണ്ട് ഇത്തവണ ഏറ്റവും ചൂടുള്ള സ്ഥലത്തൊക്കെ ആവേശത്തോട് കൂടിയാണ് ആളുകള്‍ എത്തുന്നത്. തിരഞ്ഞെടുപ്പ് ചൂട് വന്നതോടെ ആര്‍ക്കും ചൂട് അനുഭവപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്നും മുകേഷ് പറഞ്ഞു.












Click it and Unblock the Notifications