ബിജെപി പിന്തുണയോടെ ഭരണം പിടിച്ച് യുഡിഎഫ്: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ അതിനാടകീയത
പാരിപ്പള്ളി: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെ യു ഡി എഫിന് ഭരണം. പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ബി ജെ പിയിലെ ഒരുവിഭാഗം അംഗങ്ങളുടെ പിന്തുണയോടെ യു ഡി എഫ് ഭരണം പിടിച്ചത്. ജില്ലയില്‍ ബി ജെ പിക്ക് ഭരണം ലഭിച്ച ഏക പഞ്ചായത്തായിരുന്നു കല്ലുവാതുക്കല്‍.
23 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ബി ജെ പിക്ക് ഒന്‍പത് അംഗങ്ങളും യു ഡി എഫിന് എട്ട് അംഗങ്ങളും എല്‍ ഡി എഫിന് ആറ് അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോള്‍ തന്നെ ബി ജെ പിയില്‍ ഭിന്നതയുണ്ടായിരുന്നു. ഇതാണ് പഞ്ചായത്തിലെ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചത്.

നാടകീയത നിറഞ്ഞ ത്രികോണ മത്സരത്തിന് ഒടുവിലായിരുന്നു ഭരണം യു ഡി എഫിന്റെ കൈകളിലേക്ക് എത്തിയത്. ബി ജെ പി സ്ഥാനാർത്ഥിയായി എസ് സുദീപയും യു ഡി എഫില്‍ നിന്ന് എന്‍ ശാന്തിനിയുമായിരുന്നു സ്ഥാനാർത്ഥികള്‍. എല്‍ ഡി എഫില്‍ നിന്ന് ബിന്ദുവും പത്രിക സമർപ്പിച്ചു. എന്നാല്‍ പാർട്ടിക്കുള്ളിലെ തർക്കം രൂക്ഷമായപ്പോള്‍ നടയ്ക്കലില്‍ നിന്നുള്ള ബി ജെ പി അംഗം ബി ആർ ദീപ വിമതയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിച്ചു.
വിമത കൂടി എത്തിയതോടെ സ്ഥാനാർത്ഥികളുടെ എണ്ണം നാലായി. ഇതോടെ എല്‍ ഡി എഫ് തങ്ങളുടെ സ്ഥാനാർത്ഥിയെ പിന്‍വലിച്ച് ബി ജെ പി വിമതയ്ക്ക് പിന്തുണ നല്‍കി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ്.-എട്ട്, ബി ജെ പി -അഞ്ച്, എല്‍ ഡി എഫ് പിന്തുണയോടെ ബി ജെ പി വിമത-10 എന്നിങ്ങനെയായിരുന്നു വോട്ടുനില. തുടർന്ന് മൂന്നാമത് എത്തിയ ബി ജെ പി സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തി.
രണ്ടാമത് നടത്തിയ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഔദ്യോഗികപക്ഷത്തെ അഞ്ചുപേര്‍ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ ശാന്തിനിക്ക് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ദീപ നേടിയ 10 വോട്ടിനെതിരെ 13 വോട്ടുമായി എന്‍ ശാന്തിനി വിജയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമാനരീതിയില്‍ വോട്ടുകള്‍ ലഭിച്ചതോടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ പി പ്രതീഷ്‌കുമാര്‍ വിജയിച്ചു.
അതേസമയം, പാർട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി ബി ജെ പി പിന്തുണയോട് കൂടി ഭരണം പിടിച്ച അംഗങ്ങളോട് എത്രയും പെട്ടെന്ന് രാജിവെക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചു. എന്നാല്‍ ഇതുവരെ രാജിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. നേരത്തെ എല്‍ ഡി എഫ് പിന്തുണയോടെയായിരുന്നു ബി ജെ പി ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ യു ഡി എഫ് താഴെ ഇറക്കിയത്.












Click it and Unblock the Notifications