അന്ന സെബാസ്റ്റ്യന്റെ മരണം; ഒടുവില്‍ പ്രതികരിച്ച് കമ്പനി... അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
കോട്ടയം: തങ്ങളുടെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അമ്മയുടെ കുറ്റപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ഏണ്‍സ്റ്റ് ആന്റ് യംഗ് (ഇവൈ) കമ്പനി. അന്നയുടെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് കുടുംബത്തിന് അയച്ച അനുശോചന സന്ദേശത്തില്‍ ഇവൈ പറഞ്ഞു. അമിത ജോലിഭാരം കാരണമാണ് അന്ന മരിച്ചത് എന്ന് മാതാവ് അനിത അഗസ്റ്റിന്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അനിത ഇവൈയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കമ്പനി അനുശോചന സന്ദേശം അറിയിച്ചത്. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതില്‍ കമ്പനി പ്രാധാന്യം നല്‍കുമെന്നും ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അന്നയുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താന്‍ ഒരു നടപടിക്കും കഴിയില്ല. എന്നാല്‍ ദുരിത സമയങ്ങളില്‍ ഞങ്ങള്‍ എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്, അത് തുടരും- കമ്പനി പറഞ്ഞു.

അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കുന്നു എന്നും ഇവൈ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള പതിനായിരത്തോളം ജീവനക്കാര്‍ക്ക് ആരോഗ്യകരമായ ജോലിസ്ഥലം പ്രദാനം ചെയ്യുന്നതിനുള്ള വഴികള്‍ തേടും എന്നും കമ്പനി വ്യക്തമാക്കി. മകളുടെ മരണത്തിനു കാരണം കമ്പനിയിലെ അമിത ജോലിഭാരവും അനാരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമനിക്ക് അയച്ച കത്തില്‍ അനിത ആരോപിച്ചിരുന്നു.
അന്ന മരിച്ച് നാല് മാസങ്ങള്‍ക്ക് ശേഷവും കമ്പനി കാണിച്ച മനോഭാവവും സംസ്‌കാര ചടങ്ങുകളില്‍ ഒരാള്‍ പോലും കമ്പനിയില്‍നിന്ന് പങ്കെടുക്കാത്തത് കത്തില്‍ അനിത ചൂണ്ടിക്കാട്ടിയിരുന്നു. തുടക്കക്കാര്‍ക്ക് ഇത്ര ജോലിഭാരം നല്‍കുന്നതിനും ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്നും അനിത പറഞ്ഞിരുന്നു.
ഔദ്യോഗിക ജോലികള്‍ക്കപ്പുറം മറ്റ് നിരവധി ചുമതലകള്‍ അന്നയെ ഏല്‍പ്പിച്ചിരുന്നെന്നും അനിത ആരോപിച്ചിരുന്നു. ജൂലൈ ആറിന് അന്നയുടെ കോണ്‍വെക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബം പൂനെയില്‍ എത്തിയിരുന്നു. അന്ന് നെഞ്ചുവേദനയെ തുടര്‍ന്ന് അന്നയെ ഡോക്ടറെ കാണിച്ചിരുന്നു. എന്നാല്‍ ഇസിജിയില്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്‌നം എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്.
അന്ന് തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അന്ന ആഗ്രഹിച്ചിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം ഓഫീസിലേക്ക് പോകുകയായിരുന്നെന്നും അനിത കത്തില്‍ പറഞ്ഞിരുന്നു. അനിതയുടെ കത്ത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതേസമയം സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്ക് വെച്ച ട്വീറ്റിന് മറുപടിയായാണ് ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. എന്നാല്‍ ജോലിക്ക് കയറി നാല് മാസത്തിനിപ്പുറം ജൂലൈയില്‍ അന്ന മരിച്ചു. കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന. പൂനെയിലെ താമസസ്ഥലത്ത് ജൂലൈ 20 നാണ് അന്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications