രാജസേനന്‍ പാര്‍ട്ടി വിട്ടത് സിനിമ കിട്ടാത്തതിനാലെന്ന് സുരേന്ദ്രന്‍; 'തിരിച്ചുവരുമെന്ന് പ്രതീക്ഷ'
കോട്ടയം: ബി ജെ പിയില്‍ നിന്ന് കലാകാരന്‍മാര്‍ കൊഴിഞ്ഞുപോകുന്നത് വ്യക്തിപരമായ തീരുമാനങ്ങള്‍ കൊണ്ടാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി വിട്ട് പോയവരെക്കുറിച്ച് തങ്ങള്‍ മോശം പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അവരുമായി സംസാരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
രാജസേനന്‍ നല്ല വ്യക്തിയാണെന്നും അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് രാജസേനന്‍ ബി ജെ പിയില്‍ നിന്നു പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഞാനുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് രാജസേനന്‍ ബി ജെ പിയില്‍ എത്തിയത്. അദ്ദേഹം ബി ജെ പിയിലുണ്ടായിരുന്ന കാലത്തെ സേവനങ്ങളെ മാനിക്കുന്നു', എന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുരേഷ് ഗോപിയും കൃഷ്ണ കുമാറും കഴിഞ്ഞാല്‍ സംസ്ഥാനത്തെ ബി ജെ പിയിലെ പ്രധാന സിനിമാമുഖമായിരുന്നു രാജസേനന്‍. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം വരെയായിരുന്ന രാജസേനന്‍ പല വിവാദ വിഷയങ്ങളിലും പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാറിനും അനുകൂലമായി നിലപാട് സ്വീകരിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി മത്സരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് രാജസേനന്‍ ബി ജെ പി വിടുകയാണെന്നും സി പി എമ്മില്‍ ചേരുകയാണെന്നും അറിയിച്ച് രംഗത്തെത്തിയത്. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് രാജസേനന്‍ ബി ജെ പി വിട്ടത്. തിരുവനന്തപുരത്തെ എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജസേനന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചത്.
ഇതിന് പിന്നാലെ നടന്‍ ഭീമന്‍ രഘു, സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ എന്ന അലി അക്ബര്‍ എന്നിവരും ബി ജെ പി വിട്ടിരുന്നു. മൂന്ന് പേരും ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ബി ജെ പി വിട്ടത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ കലാകാരന്മാരുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്ക് ബി ജെ പി നേതൃത്വത്തിന് തലവേദനയാണ്.
അതിനിടെ കലാകാരന്‍മാര്‍ക്ക് ഏറ്റവും നല്ല പരിഗണനയാണ് ബി ജെ പി നല്‍കുന്നത് എന്ന് സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ വലിയ അധികാരങ്ങളൊന്നും കേരളത്തില്‍ വീതിച്ച് നല്‍കാനില്ലെന്നും മേയര്‍ സ്ഥാനവും ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രാജ്യസഭാ അംഗത്വവും നല്‍കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല ബി ജെ പി എന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ഭീമന്‍ രഘു പത്തനാപുരത്ത് മത്സരിച്ച് പരാജയപ്പെട്ട ശേഷം പാര്‍ട്ടിയോട് നല്ല രീതിയിലല്ല സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications