മുനമ്പം സുവര്‍ണാവസരമാക്കാന്‍ ബിജെപി; ശ്രീധരന്‍പിള്ള-മോന്‍സ് ജോസഫ് കൂടിക്കാഴ്ചയ്ക്ക് പിന്നില്‍?
കോട്ടയം: ഒരിടവേളയ്ക്ക് ശേഷം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ത്താന്‍ കരുക്കള്‍ നീക്കി ബി ജെ പി. മുനമ്പത്തെ വഖഫ് വിഷയം ഉപയോഗപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ക്രിസ്ത്യന്‍ വോട്ട് ബാങ്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് ബി ജെ പി ആരംഭിച്ചിരിക്കുന്നത്.
മുന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ അഡ്വ പി എസ് ശ്രീധരന്‍പിള്ളയും മോന്‍സ് ജോസഫ് എം എല്‍ എയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തല്‍. മുനമ്പത്തെ വഖഫ് വിഷയം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കി എന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. നേരത്തെ കോട്ടയത്തെ ഒരു സ്വതന്ത്ര എം എല്‍ എ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് പി എസ് ശ്രീധരന്‍പിള്ള- മോന്‍സ് ജോസഫ് ചര്‍ച്ച എന്നതും ശ്രദ്ധേയമാണ്. കടുത്തുരുത്തി ഫൊറോന പള്ളി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ശ്രീധരന്‍പിള്ള അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം മോന്‍സ് ജോസഫുമായി കൂടിക്കാഴ്ച നടത്തിയത്. പള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ചോര്‍ത്താനായി ബിജെപി കാലങ്ങളായി ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതിന് വേണ്ടി വലിയ ശ്രമമുണ്ടായിരുന്നു. അനില്‍ ആന്റണി, പിസി ജോര്‍ജ് എന്നിവരെ പാര്‍ട്ടിയിലെത്തിച്ചത് ഇതിന്റെ ഭാഗമാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ക്രൈസ്തവ സഭകളുമായി ഏറെ അടുപ്പമുള്ള മോന്‍സ് ജോസഫ് വഴി മധ്യകേരളത്തില്‍ സ്വാധീനമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഒരു സ്വതന്ത്ര എം എല്‍ എയെ ഒപ്പം കൂട്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മധ്യകേരളത്തില്‍ രാഷ്ട്രീയ സഖ്യമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം.
മുനമ്പം വിഷയത്തില്‍ ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം ഒരു പരിധി വരെ നേടാനായി എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വഖഫ് ബില്ല് പാര്‍ലമെന്റില്‍ പാസാക്കുന്നതോടെ ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാം എന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ക്രിസ്മസിന് മുമ്പ് സമ്മാനപ്പൊതികളുമായി ക്രൈസ്തവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താനും ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications