വ്യാജനോട്ട് നൽകി 4000 രൂപയുടെ ലോട്ടറി വാങ്ങി യുവാവ് പറ്റിച്ച ദേവയാനിയമ്മക്ക് സഹായവുമായി നിരവധിപേർ
ആ ചെറുപ്പക്കാരൻ കൊടുത്തത് കുട്ടികൾ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിൻറെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസ് ആണ്

കോട്ടയം: തൊണ്ണൂറ്റി മൂന്ന് വയസുള്ള ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്ന വൃദ്ധയായ സ്ത്രീയെ വ്യാജ നോട്ട് നൽകി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി യുവാവ് തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം വാർത്തകളിലും സോഷ്യൽമീഡിയയിലും നിറഞ്ഞുനിന്നിരുന്നു.
കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയിൽ ദേവയാനിയമ്മയുടെ കയ്യിൽ നിന്നുമാണ് യുവാവ് ലോട്ടറി തട്ടിയെടുത്തത്. ഇവരുടെ ജീവിത മാർഗമായിരുന്നു ലോട്ടറി. ദേവയാനി അമ്മയുടെ സങ്കടം അറിഞ്ഞ് നിരവധി പേരാണ് ഇവരെ സഹായിക്കാൻ എത്തുന്നത്. തന്റെ ജീവിത മാർഗം മുട്ടിയെന്ന സങ്കടത്തിലായിരുന്നു ഇവർക്ക് മനസ്സറിഞ്ഞ് സഹായം ലഭിച്ചതോടെ വീണ്ടു ലോട്ടറി കച്ചവടം തുടങ്ങാനുള്ള അവസരവും വന്നു.
നിരവധി പേരാണ് ദേവയാനി അമ്മയെ സഹായിക്കാനെത്തിയത്. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഒരു തുക ദേവയാനിക്ക് കൈമാറി. സങ്കടമൊക്കെ മാറി, ഇപ്പോ വളരെ സന്തോഷത്തിലാണ്, ഇനിയും ലോട്ടറി കച്ചവടം നടത്തും. 2000 രൂപയുടെ കള്ളനോട്ട് ഉണ്ടാകുമെന്ന് കരുതിയില്ല. പ്രായം ചെന്ന എന്നെ പറ്റിക്കുമെന്ന് കരുതിയില്ല, കൊച്ചു പയ്യനല്ലാരുന്നോ.
പറ്റ് പറ്റിപ്പോയല്ലോ എന്നതില് ദുഖമുണ്ട്, ഇനി എന്തായാലും ശ്രദ്ധിക്കും. ഒരുപാട് പേര് സഹായിക്കാനെത്തി, അതിൽ വളരെ സന്തോഷമുണ്ട്. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നിൽ കൊണ്ടവരും'- ദേവകിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകൾ നൽകിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്. മുഴുവൻ ലോട്ടറിയും വിറ്റതിൻറെ സന്തോഷത്തിൽ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരൻ കൊടുത്തത് കുട്ടികൾ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിൻറെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസ് ആണ് ഇതെന്ന് ഇവർക്ക് മനസ്സിലായത്. തൻറെ കൊച്ചുമകൻറെ പ്രായമുളള ഒരു ആളാണ് പറ്റിച്ചതെന്നാണ് ദേവയാനിയമ്മ വ്യക്തമാക്കിയിരുന്നു. ഭർത്താവും മക്കളും മരിച്ചു പോയ ഇവർക്ക് ഉപജീവനം കണ്ടെത്താനുള്ള വഴിയായിരുന്നു ലോട്ടറി വിൽപന. സംഭവം വാർത്ത ആയതിന് പിന്നാല െനിരവധിപേരാണ് സഹായവുമായി എത്തുന്നത്.












Click it and Unblock the Notifications