കോട്ടയത്ത് കനത്ത മഴയില്‍ വ്യാപകനാശം; രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍
കോട്ടയം: ജില്ലയില്‍ രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടം. ഭരണങ്ങാനത്തും തലനാടും ഉരുള്‍പ്പൊട്ടലുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഏഴ് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. എന്നാല്‍ ആളപായമുണ്ടായിട്ടില്ല എന്നത് ആശ്വാസമായി.
അതേസമയം തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെ മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. ഇന്ന് രാവിലെ മുതല്‍ കോട്ടയത്തെ മലയോര മേഖലകളിലും പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ളിടങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ 8.30 മുതല്‍ ഇതുവരെ പൂഞ്ഞാറില്‍ 176 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്.

ഫയല്‍ ചിത്രം
വൈക്കം -95, കോട്ടയം - 75, വടവാതൂര്‍ - 73, കുമരകം - 52 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, തലനാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം ശക്തമായ മഴയാണ് പെയ്തത്. മീനച്ചിലാറ്റിലേയ്ക്കുള്ള കൈവഴികള്‍ ഉച്ചയോടെ നിറഞ്ഞ് കവിഞ്ഞു.
തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയില്‍ ആണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ നരിമറ്റം ചോവൂര്‍ ഇലവുമ്പാറ റോഡ് തകര്‍ന്നു. തീക്കോയി പഞ്ചായത്തിലെ കല്ലത്ത് മണ്ണിടിച്ചിലുണ്ടായി. വാഗമണ്‍ റോഡിന് മുകളിലെ പുരയിടത്തില്‍നിന്ന് കല്ലും മണ്ണും വന്‍തോതില്‍ റോഡിലേയ്ക്കെത്തിയതോടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇവിടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. പാലാ നഗരത്തിലും വെള്ളം കയറി. മഴ നിര്‍ത്താതെ പെയ്തതോടെ മാര്‍മല അരുവിയില്‍ അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇവിടേയ്ക്കുള്ള പ്രവേശനം പഞ്ചായത്ത് നിരോധിച്ചു.
ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും നിരോധിച്ചിരിക്കുകയാണ്. നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെ ആണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.












Click it and Unblock the Notifications