30 വർഷം മുൻപ് കടംപറഞ്ഞ ഓട്ടോക്കൂലി നൂറിരട്ടിയായി മടക്കിനൽകി അജിത്; അത്ഭുതം വിട്ടുമാറാതെ ഡ്രൈവർ ബാബു
കോലഞ്ചേരി: 'വിശ്വാസം അതല്ലേ എല്ലാം', എന്നുപറഞ്ഞ് കേട്ടിട്ടില്ലേ. അങ്ങനെ ഒരു വിശ്വാസത്തിന്റെ പുറത്താണ് അന്ന് ആ ഓട്ടോഡ്രൈവർ ഓട്ടം പോയതിന്റെ കൂലിയായ 100 രൂപ പിന്നെത്തരാം എന്ന് ആ യുവാവ് പറഞ്ഞപ്പോൾ സമ്മതിച്ചത്. 30 വർഷങ്ങൾക്ക് ശേഷം 100 ഇരട്ടിയായി ആ പണം തിരികെ നൽകിയിരിക്കുകയാണ് എസ്.ആർ. അജിത് എന്ന ആ യാത്രക്കാരൻ.
കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് താൻ പണ്ട് കടം പറഞ്ഞ 100 രൂപ പതിനായിരം രൂപയായി അജിത് മടക്കിനൽകിയത്. കഴിഞ്ഞദിവസമാണ് ബാബുവിനെ തേടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് അജിത് എത്തുന്നത്. എന്നാൽ അജിത്തിനെ ബാബുവിന് മനസ്സിലായില്ല. അപ്പോഴാണ് അജിത് ആ ഫ്ലാഷ്ബാക്ക് പറഞ്ഞത്.

1993ൽ മൂവാറ്റുപുഴ - പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യിൽ പണം ഇല്ലാത്തതിനാൽ കൂലി പിന്നെ തരാമെന്നും പറഞ്ഞതും ഓർമ ഉണ്ടോ എന്ന് അജിത് ചോദിച്ചു. അപ്പോഴാണ് 30 വർഷം മുമ്പ് നടന്ന ആ സംഭവം ബാബു ഓർത്തെടുത്തത്.
ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്താണ് ഈ സംഭവം. മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. തിരികെ മൂവാറ്റുപുഴയിലേക്ക് പോകാൻ ബസ് കിട്ടിയില്ല. ബസ് കൂലിക്കുള്ള പണം മാത്രമെ അജിത്തിന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.
മുന്നിൽ മറ്റുവഴികൾ ഒന്നും ഇല്ലാതിരുന്നപ്പോഴാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. എന്നാൽ പിന്നീട് ഇദ്ദേഹത്തിന് ഓട്ടോഡ്രൈവറെ കണ്ടെത്താൻ സാധിച്ചില്ല. ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്ന് അജിത് പറയുന്നു. ഡ്രൈവറെ കണ്ടെത്താൻ വൈകിയത് കൊണ്ടാണ് കടം വീട്ടാൻ ഇത്ര സമയം എടുത്തതെന്നും അജിത് പറഞ്ഞു.
ഇതുപോലെ കൗതുകം ഉണർത്തുന്ന നിരവധി സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. വർഷങ്ങൾ മുമ്പ് മോഷ്ടിച്ച മാല ക്ഷമാപണ കുറിപ്പോടെ മോഷ്ടാവ് തിരികെ ഏൽപ്പിച്ച സംഭവം അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. പണത്തിന് അത്യാവശ്യം വന്നപ്പോഴാണ് മാല മോഷ്ടിക്കേണ്ടി വന്നതെന്നും ക്ഷമിക്കണമെന്നുമായിരുന്നു മോഷ്ടാവിന്റെ കുറിപ്പ്.












Click it and Unblock the Notifications