ബൈക്ക് മോഷ്ടിക്കുന്നു, പെട്രോള്‍ തീരുന്നു, അടുത്ത ബൈക്ക് മോഷ്ടിക്കുന്നു...റിപ്പീറ്റ്; ഇമ്മാതിരി കള്ളന്‍മാര്‍!
കോട്ടയം: ഇതുപോലൊരു ബൈക്ക് മോഷണം കൂട്ടിക്കലുകാര്‍ ഇതിന് മുന്‍പ് കേട്ടിട്ടുണ്ടായിരുന്നില്ല. കൂട്ടിക്കലുകാര്‍ മാത്രമല്ല പൊതുവെ അപൂര്‍വമായൊരു ബൈക്ക് മോഷണമാണ് കഴിഞ്ഞ ദിവസം കൂട്ടിക്കല്‍ ചപ്പാത്ത് പാലത്തിന്റെ അടുത്ത് ഉണ്ടായത്.
കോട്ടയം ജില്ല ഇടുക്കി ജില്ലയെ ബന്ധിപ്പിക്കുന്ന ചപ്പാത്തിന് എതിര്‍ വശത്തെ സഹകരണ ബാങ്കിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കൊക്കയാര്‍ പഞ്ചായത്തിലെ ജീവനക്കാരനായ ജിയാഷിന്റെ ബൈക്കാണ് ആദ്യം മോഷണം പോയത്.

ഉടന്‍ തന്നെ സഹകരണ ബാങ്കിന്റെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദൃശ്യം വ്യക്തമായിരുന്നില്ല. കൈലിമുണ്ടും ഷര്‍ട്ടും ധരിച്ച 2 യുവാക്കള്‍ ബൈക്കുമായി പോകുന്ന ദൃശ്യം മാത്രമാണ് ലഭിച്ചത്. ഇതാകട്ടെ വ്യക്തവുമായിരുന്നില്ല.
ബൈക്ക് മോഷണം പോയത് അതിവേഗം നാട്ടില്‍ പാട്ടായി. ഇതിനിടെ ജിയാഷിന്റെ ബൈക്ക് മുസ്ലിം പള്ളിക്കു സമീപമുള്ള വര്‍ക്ഷോപ്പിനു മുന്‍പില്‍ ഉണ്ട് എന്ന വിവരം ലഭിച്ചു. സ്ഥലത്തെത്തി ബൈക്ക് കണ്ടതോടെ ജിയാഷിന് ആശ്വാസമായി.
ബൈക്കിന്റെ എന്‍ജിന്‍ സ്വിച്ച് അഴിച്ച് സ്റ്റാര്‍ട്ട് ചെയ്ത നിലയിലാണ് കണ്ടെത്തിയിരുന്നത്. പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. എന്നാല്‍ അവിടം കൊണ്ട് തീര്‍ന്നില്ല.
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും
ജിയാഷിന്റെ ബൈക്കിനായി പരിശോധനയ്ക്കു നേതൃത്വം നല്‍കിയ നാട്ടുകാരും വര്‍ക്ക് ഷോപ്പ് ഉടമയും പിന്നീടാണ് വര്‍ക്ക് ഷോപ്പിന് മുന്‍പില്‍ പണി തീര്‍ത്ത് വച്ചിരുന്ന മറ്റൊരു ബൈക്ക് കാണാനില്ല എന്ന സത്യം മനസിലാക്കിയത്. പിന്നാലെ ഈ ബൈക്ക് കണ്ടെത്താനായി നാട്ടുകാരുടെ ശ്രമം.
അല്‍പ സമയത്തിനു ശേഷം അരക്കിലോമീറ്റര്‍ അകലെ ബൈക്ക് ചപ്പാത്തിനു സമീപം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഈ ബൈക്കിലും പെട്രോള്‍ തീര്‍ന്നിട്ട് മോഷ്ടാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു. കഥ അവിടെയും തീര്‍ന്നില്ല.
മോഷ്ടാക്കള്‍ ഈ ബൈക്ക് ഉപേക്ഷിച്ചപ്പോള്‍ അതിന് സമീപം നിര്‍ത്തിയിട്ടിരുന്ന മണങ്ങാട്ട് അയൂബിന്റെ ബൈക്കും കൊണ്ടാണ് പോയത്. ഇവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. ആദ്യ ബൈക്ക് കൊണ്ടുപോയ മോഷ്ടാക്കള്‍ക്ക് പെട്രോള്‍ പണി കൊടുത്തെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും തവണയും അതേ അടവ് പ്രയോഗിച്ച അമ്പരപ്പിലാണ് നാട്ടുകാര്‍.












Click it and Unblock the Notifications