കുട്ടിയെ തട്ടിയെടുത്ത കേസില്‍ പ്രതി നീതു മാത്രം; ഇബ്രാഹീം മറ്റൊരു കേസില്‍ പ്രതിയായേക്കും
കോട്ടയം: മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ നീതു രാജിനെ സംബന്ധിച്ച് വിശദീകരണവുമായി പോലീസ്. കാമുകന്‍ ഇബ്രാഹിം ബാദുഷ പിരിയാതിരിക്കാനാണ് യുവതി കുട്ടിയെ തട്ടിയെടുത്തത്. ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചു എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. നീതുവിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല. ഈ കേസില്‍ ബാദുഷ പ്രതിയാകില്ലെന്നും ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പ അറിയിച്ചു.
ഒന്നര വര്‍ഷം മുമ്പാണ് കളമശേരി സ്വദേശിയായ ബാദുഷയുമായി ടിക് ടോക് വഴി നീതു അടുക്കുന്നത്. പിന്നീട് ഇരുവരും ഒരുമിച്ച് താസമിക്കുകയും നീതു ഗര്‍ഭിണിയാകുകയും ചെയ്തു. ഗര്‍ഭം അലസിയെങ്കിലും ബാദുഷയെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ബാദുഷ മറ്റൊരു വിവാഹത്തിന് ശ്രമം തുടങ്ങിയതോടെയാണ് യുവതി പുതിയ നീക്കം ആരംഭിച്ചത്. കുഞ്ഞിനെ കാണിച്ച് ബാദുഷയെ കൂടെ നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു പദ്ധതി.

ജനുവരി നാലിന് കോട്ടയം മെഡിക്കല്‍ കോളജിനടുത്ത ഹോട്ടലില്‍ നീതു മുറിയെടുത്തു. ആശുപത്രിക്ക് സമീപമുള്ള കടയില്‍ നിന്ന് നഴ്‌സുമാരുടെ കോട്ട് വാങ്ങി. മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിനെയാണ് എടുത്തുകൊണ്ടുപോയത്. ഹോട്ടലിലെത്തി വീഡിയോ കോളില്‍ കുഞ്ഞിനെ ബാദുഷയെ കാണിച്ചു. ശേഷം ടാക്‌സി വിളിച്ച് എറണാകുളത്തേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴേക്കും ആശുപത്രിയില്‍ ബഹളമാകുകയും പോലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഹോട്ടലുകാര്‍ വിളിച്ചതു പ്രകാരം അവിടെയെത്തി യുവതിയെ പിടികൂടി.
കുഞ്ഞിനെ അപായപ്പെടുത്താന്‍ നീതുവിന് ഉദ്ദേശമുണ്ടായിരുന്നില്ല. കാമുകന്‍ കൂടെ തന്നെ നില്‍ക്കാന്‍ വേണ്ടിയാണിത് ചെയ്തത്. ഈ കേസില്‍ ബാദുഷക്ക് പങ്കില്ലാത്തതിനാല്‍ ഇതില്‍ പ്രതിയാകില്ല. അതേസമയം, നീതുവിന്റെ സ്വര്‍ണവും പണവും വഞ്ചിച്ചു കൈക്കലാക്കി എന്ന ആരോപണത്തില്‍ ബാദുഷക്കെതിരെ കേസെടുത്തേക്കും. ഇക്കാര്യത്തില്‍ പരിശോധനകള്‍ക്ക് ശേഷം നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു.
നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. ഇതില്‍ ആണ്‍കുട്ടിയുണ്ട്. ഈ കുട്ടിയുമായിട്ടാണ് നീതു കോട്ടയത്തെത്തിയിരുന്നത്. മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ പോലിസ് അവര്‍ക്കൊപ്പം അയച്ചു. നീതുവിനെ കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഏറെ ആശ്ചര്യകരമായ സംഭവങ്ങള്‍ നടന്നത്. പ്രസവ വാര്‍ഡില്‍ നിന്ന് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ നീതു എടുത്തുകൊണ്ടുപോകുകയായിരുന്നു. ഡോക്ടറെ കാണിക്കാന്‍ എന്നുപറഞ്ഞാണ് കൊണ്ടുപോയത്. നഴ്‌സിന്റെ വേഷമായതിനാല്‍ സംശയിച്ചില്ല. തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചതും ബഹളമായതും. ഉടന്‍ പോലീസ് എത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. അതേസമയം, മെഡിക്കല്‍ കോളജിലെ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications