കെ റെയിലിനെതിരെ വെയിലത്ത് സമരം ചെയ്തത് ഞങ്ങള്‍, തരൂരിന്റെ പിന്തുണ പിണറായിയ്ക്ക്; ആഞ്ഞടിച്ച് നാട്ടകം സുരേഷ്
കോട്ടയം: കോണ്‍ഗ്രസിലെ കലഹങ്ങള്‍ക്കിടെ ശശി തരൂര്‍ എം പിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ശശി തരൂര്‍ കോണ്‍ഗ്രസിന് വേണ്ടി എന്താണ് ചെയ്തത് എന്ന് നാട്ടകം സുരേഷ് ചോദിച്ചു.
കെ മുരളീധരന് എതിരേയും രൂക്ഷമായ വിമര്‍ശനം ആണ് നാട്ടകം സുരേഷ് ഉയര്‍ത്തിയത്. ശശി തരൂരിന്റെ പാണ്ഡിത്യവും കഴിവും എല്ലാം അംഗീകരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കെ റെയില്‍ സമരത്തില്‍ താനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെയിലും മഴയും കൊണ്ടു.

എന്നാല്‍ അപ്പോള്‍ പിണറായി വിജയന് പിന്തുണ നല്‍കിയ ആളാണ് ശശി തരൂര്‍ എന്നും ഇതിനൊക്കെ ശശി തരൂരിന് പിന്തുണ നല്‍കുന്നവര്‍ ആണ് മറുപടി പറയേണ്ടത് എന്നും നാട്ടകം സുരേഷ് കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലയിലെ പരിപാടിയെ കുറിച്ച് ശശി തരൂര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഡി സി സിയെ അറിയിക്കാതെ കോട്ടയം ജില്ലയില്‍ പരിപാടിക്കെത്തിയ ശശി തരൂരിന് എതിരെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്നോട്ടില്ല എന്നും നാട്ടകം സുരേഷ് ആവര്‍ത്തിച്ചു. ശശി തരൂര്‍ എം പിയുടെ ഓഫീസില്‍ നിന്ന് യാതൊരു ആശയ വിനിമയവും ഉണ്ടായിട്ടില്ല എന്നും നാട്ടകം സുരേഷ് ആരോപിച്ചു.

ശശി തരൂരിന്റെ ഓഫീസില്‍ നിന്ന് പറഞ്ഞ ഫോണ്‍ വന്നിരുന്നെങ്കിലും ഒന്നും പറയാതെ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വെക്കുകയായിരുന്നു എന്നും നാട്ടകം സുരേഷ് പറഞ്ഞു. തന്നെ വിളിച്ചു എന്ന തെളിവ് ഉണ്ടാക്കുന്നതിന് വേണ്ടി ആയിരിക്കാം ശശി തരൂരിന്റെ ഓഫീസില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നത് എന്ന ഗുരുതരമായ ആരോപണവും നാട്ടകം സുരേഷ് ഉന്നയിക്കുന്നുണ്ട്.

പാര്‍ട്ടി അച്ചടക്കം കെ മുരളീധരന്‍ തന്നെ പഠിപ്പിക്കേണ്ടെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി. ഡി സി സി പ്രസിഡന്റിന് പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടിയിലാണ് അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞ മുരളീധരന്‍ അക്കാര്യം പറഞ്ഞത് മാധ്യമങ്ങളോടല്ലേ എന്നും അദ്ദേഹം ചോദിച്ചു. മുരളീധരന്‍ തന്നെ ഇതൊന്നും പഠിപ്പിക്കാന്‍ വരേണ്ട എന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് വീഴ്ചയുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി വേദിയിലായിരുന്നില്ലേ മുരളീധരന്‍ പറയേണ്ടിയിരുന്നത്.












Click it and Unblock the Notifications