വിവാഹത്തിന് 10 പേര്‍ മാത്രം, ആഡംബരവും ആഘോഷവുമില്ല; ഇതാ ഒരു കമ്മ്യൂണിസ്റ്റ് വിവാഹം
കോട്ടയം: വിവാഹങ്ങള്‍ക്ക് അമിത ആഘോഷവും ആഡംബരവും നടത്തുന്ന കാലത്ത് വ്യത്യസ്തമായ വിവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ് കാഞ്ഞിരപ്പള്ളി രജിസ്ട്രാര്‍ ഓഫീസ്. സി പി ഐയുടെ യുവ നേതാവും കോട്ടയം ജില്ലാ പഞ്ചായത്തിലെ നിയുക്ത പ്രസിഡന്റുമായ അഡ്വ. ശുഭേഷ് സുധാകരനും കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍ പ്രൊഫസറും മുണ്ടക്കയം സ്വദേശിനിയുമായ ഡോ. ജയലക്ഷ്മി രാജീവും ആണ് മാതൃകാപരമായി പുതുജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.
കാഞ്ഞിരപ്പളളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇന്ന് രാവിലെ 10.10-ന് അഡ്വ. ശുഭേഷ് സുധാകരനും ഡോ. ജയലക്ഷ്മി രാജീവും ഒപ്പിട്ടതോടെ വിവാഹ ചടങ്ങ് പൂര്‍ത്തിയായി. 10.10 എന്ന സമയം മുഹൂര്‍ത്തം നോക്കി കുറിച്ചതല്ല. 11 മുതല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരുടെ തിരക്കാകും എന്നതിനാല്‍ അതിന് മുമ്പൊരു സമയം കണ്ടെത്തുകയായിരുന്നു.

നാട്ടില്‍ പത്ത് പേരെ മാത്രം വിളിച്ചാണ് വിവാഹാഘോഷവും നടക്കുന്നത്. താലി കെട്ട് പോലുള്ള പരമ്പരാഗത ചടങ്ങുകളും ഉണ്ടായിരുന്നില്ല. വിവാഹത്തോട് അനുബന്ധിച്ച് ഇതിന് മുന്‍പും ലളിതമായ ചടങ്ങുകള്‍ നടത്താറുണ്ടെങ്കിലും ഭക്ഷണം വിളമ്പല്‍ പലരും ഒഴിവാക്കാറില്ല. എന്നാല്‍ അഡ്വ. ശുഭേഷ് സുധാകരനും ഡോ. ജയലക്ഷ്മി രാജീവും തങ്ങളുടെ വിവാഹ ചടങ്ങില്‍ ഈ പതിവും തെറ്റിച്ചിരിക്കുകയാണ്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന പത്ത് പേര്‍ക്ക് നാരങ്ങാ വെള്ളവും ലഡുവും ആണ് കൊടുത്തത്. അതല്ലാതെ മറ്റ് ഭക്ഷണങ്ങള്‍ ഉണ്ടായിരിക്കില്ല. എരുമേലി ഡിവിഷനില്‍ നിന്ന് മത്സരിച്ചാണ് അഡ്വ. ശുഭേഷ് സുധാകരന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാകുന്നത്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എ ഐ വെ എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിയും ആണ് അഡ്വ. ശുഭേഷ് സുധാകരന്‍. എ ഐ എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും ആയിരുന്നു ശുഭേഷ് സുധാകരന്‍.
ശുഭേഷ് സുധാകരന്റെ കുടുംബവും അടിയുറച്ച് സി പി ഐക്കാരാണ്. അന്തരിച്ച പിതാവ് കൂട്ടിക്കല്‍ പൊറ്റനാനിയില്‍ വീട്ടില്‍ സുധാകരന്‍ സി പി ഐ നേതാവായിരുന്നു. മാതാവ് ലീലാമ്മ മുന്‍ കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. അതേസമയം മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ രാജീവനും തങ്കമ്മ രാജീവനുമാണ് വധു ജയലക്ഷ്മിയുടെ മാതാപിതാക്കള്‍.












Click it and Unblock the Notifications