കോട്ടയത്തെ ഭീതിയിലാഴ്ത്തി മോഷണ സംഘം; വാതിലിനരികില്‍ പാത്രങ്ങള്‍ അടുക്കി വച്ച് വീട്ടുകാര്‍
കോട്ടയം: കുറുവ സംഘത്തെ പറ്റിയുള്ള ഭീതി വിട്ടൊഴിയാതെ കോട്ടയം നിവാസികള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയത്ത് വിളയാട്ടം നടത്തികൊണ്ടിരിക്കുകയാണ്. കുറുവ മോഷണ സംഘം എന്ന് പ്രചരിക്കുന്ന രീതിയില്‍ കുറച്ച് മോഷ്ടാക്കള്‍. രാത്രികാലങ്ങളില്‍ ഉറങ്ങാതെ കാവലിരിക്കേണ്ട അവസ്ഥയാണ് വീട്ടുകാര്‍ക്കെന്നാണ് ഇവര്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലാണ് മോഷണങ്ങളെ സംബന്ധിച്ച് കഥകള്‍ കൂടുതല്‍ പരക്കുന്നത്.
ഇത് സത്യമാണോ നുണയാണോ എന്ന് തിരിച്ചറിയാനാവാതെ കുടുങ്ങിയിരിക്കുകയാണ് കോട്ടയത്തുകാര്‍. കഴിഞ്ഞ ദിവസം കുറുവ സംഘത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞ് ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ മോഷണ സംഘത്തില്‍പ്പെട്ടയാളല്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു.

നിലവില്‍ മോഷ്ടാക്കളെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നതോടെ വീടിനു സുരക്ഷ ഉറപ്പാക്കാനുള്ള പരക്കം പാച്ചിലിലാണ് എല്ലാവരും. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും വാതിലിന് ഡോര്‍ പട്ട പിടിപ്പിക്കുന്ന തിരക്കിലാണ് ചില വീട്ടുകാര്‍. ഒട്ടേറെ പേരാണ് ഡോര്‍ പട്ട വാങ്ങുന്നതിനായി ഇരുമ്പു കടകളില്‍ എത്തുന്നതെന്ന് കുറുപ്പന്തറയിലെ എംപിടി ഹാര്‍ഡ് വെയേഴ്‌സ് ഉടമ ജെന്നി റോബിന്‍ പറയുന്നു. രാത്രിയില്‍ അടച്ച വാതിലിന് അരികില്‍ അലുമിനിയം പാത്രങ്ങള്‍ അടുക്കി വയ്ക്കുന്നവരുമുണ്ടെന്നും വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ പാത്രങ്ങള്‍ നിലത്ത് വീഴുകയും ശബ്ദം കേട്ട് ആളുകള്‍ക്ക് ഉണരാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതെന്നും നാട്ടുകര്‍ പറയുന്നു.

പകല്‍ മുഴുവന്‍ കറങ്ങി എല്ലാം നിരീക്ഷിച്ച് രാത്രി മോഷണം നടത്തുന്ന സംഘമാണ് കുറുവ മോഷണ സംഘം. ട്രെയിനില്‍ യാത്ര ചെയ്താണു കുറുവ സംഘം മോഷണം നടത്താനുള്ള സ്ഥലത്തെത്തുന്നത്. ട്രെയിനില്ലെങ്കില്‍ മാത്രം ബസ്സിലെത്തും. റെയില്‍വെ ട്രാക്കുകള്‍ക്കു സമീപമുള്ള വീടുകളായിരിക്കും പ്രധാനമായും ലക്ഷ്യം വെക്കുക. മോഷണ ശേഷം കമ്പം, തേനി, തഞ്ചാവൂര്‍ പ്രദേശത്തേക്കു കടക്കും.ഒരേ മൊബൈല്‍ നമ്പര്‍ അധികകാലം ഉപയോഗിക്കില്ല. മോഷണത്തിന് പോകുമ്പോള്‍ താമസ സ്ഥലത്ത് ഫോണ്‍ ഓഫ് ചെയ്തു വെക്കുകയും ചെയ്യും.

സുരക്ഷിതമായ സ്ഥലത്ത് തിരിച്ചെത്തി കുറച്ചുനാള്‍ കൂടി കഴിഞ്ഞ് മാത്രമേ പിന്നീട് ഫോണ്‍ ഓണ്‍ ചെയ്യുകയുള്ളു. ഒരു സ്ഥലത്ത് മോഷണം നടത്തിയാല്‍ തൊട്ടടുത്ത ദിവസവും അതിനു സമീപം മോഷണം നടത്തുന്നതും ഇവരുടെ പതിവാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം മേഖലകളിലെ തിരുട്ടുഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് കുറുവ മോഷണ സംഘത്തില്‍പെട്ടവര്‍. വീടുകള്‍ നിരീക്ഷിച്ചു പഠിച്ച ശേഷമാണ് മോഷണം. പകല്‍ ആ പ്രദേശങ്ങളില്‍ ജോലി ചെയ്തിട്ട് രാത്രി മോഷണം നടത്തുന്ന രീതിയാണ് സാധാരണ കാണാറുള്ളത്.

ചില സ്ഥലങ്ങളില്‍ മോഷണദിവസം പകല്‍ ബസില്‍ വന്നിറങ്ങി വഴികളിലൂടെ നടന്ന് നിരീക്ഷിക്കുകയും രാത്രി മോഷണം നടത്തി തിരിച്ചുപോകുകയും ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന വീടുകളില്‍ നിന്നു തന്നെ മോഷണത്തിനുള്ള ഉപകരണങ്ങളും ആയുധങ്ങളും സംഘടിപ്പിക്കുകയാണ് ചെയ്യുക. വിലപിടിപ്പുള്ള എന്തെങ്കിലും ലഭിക്കുന്നതു വരെ ഒരു മേഖലയിലുള്ള പല വീടുകള്‍ കുറഞ്ഞസമയത്തിനുള്ളില്‍ കയറിയിറങ്ങി മോഷണം നട്ടുകയാണ് ഇവരുടെ രീതി.
Recommended Video

മോഷണശ്രമങ്ങള്‍ അതീവഗൗരവമായാണ് കാണുന്നതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച് കഴിയുന്നത്ര വിവരം ശേഖരിച്ചുവരികയാണെന്നും മോഷണശ്രമം നടന്ന മേഖലകള്‍ക്കായി പ്രത്യേക പദ്ധതി തയാറാക്കുകയും രാത്രിയിലെ പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറ#്ഞു. റെയില്‍വേ ട്രാക്കിനടുത്തുള്ള സ്ഥലങ്ങളില്‍ അധിക നിരീക്ഷണത്തിനായി മൊബൈല്‍ പട്രോളിങ്ങ് യൂണിറ്റിനെ നിയോഗിച്ചിട്ടുണ്ടെന്നും ജനമൈത്രി പൊലീസ് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നുണ്ടെന്നും ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അവശ്യഘട്ടങ്ങളില്‍ ഏതു സമയത്തും പൊലീസിനു വേഗം സ്ഥലത്തെത്താന്‍ വേണ്ട ക്രമീകരണം തയാറാക്കിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications