'സിനിമയില്‍ എന്നെ ആരെങ്കിലും അടിക്കുന്നത് കണ്ടാല്‍ ഉമ്മയുടെ കണ്ണ് നിറയും'; ഓര്‍മ്മ പങ്കുവെച്ച് മമ്മൂട്ടി
കോട്ടയം: നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിലിന്റെ വിയോഗ വാര്‍ത്തയുടെ വേദനയില്‍ ആണ് മലയാളികള്‍. മമ്മൂട്ടിയുടെ കലാജീവിതത്തിന് എന്നും ഊര്‍ജം പകര്‍ന്നത് ഫാത്തിമയായിരുന്നു. മമ്മൂട്ടിക്കും ഉമ്മ എന്ന് പറഞ്ഞാല്‍ ജീവനായിരുന്നു. എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ് എന്നായിരുന്നു ഒരിക്കല്‍ ഉമ്മയെ കുറിച്ച് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
2009 ല്‍ വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ ഉമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മമ്മൂട്ടി പങ്ക് വെച്ചിരുന്നു. താന്‍ അഭിനയിക്കുന്ന സിനിമയില്‍ തന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാലും തന്നെ ആരെങ്കിലുമൊന്ന് അടിച്ചാലും ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ എല്ലാ സിനിമകളും ഇഷ്ടമാണെങ്കിലും കാണാമറയത്തും തനിയാവര്‍ത്തനവും കുറച്ച് കൂടുതല്‍ ഇഷ്ടമാണ് എന്ന് ഫാത്തിമയും ഒരിക്കല്‍ പറഞ്ഞിരുന്നു.

എല്ലാ മക്കളുടെ അടുത്തും ഇടക്കിടക്ക് പോയി തന്റെ കണ്ണ് എല്ലായിടത്തും എത്തും എന്ന് ഉറപ്പിക്കുന്ന പ്രകൃതമായിരുന്നു ഉമ്മയുടേത് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇതിനിടക്ക് തന്നെ ഉമ്മാക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് ഇടക്കിടെ ഉമ്മയെ താന്‍ പ്രകോപിപ്പിക്കാറുണ്ടായിരുന്നു എന്നും മമ്മൂട്ടി ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് 93 കാരിയായ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും. ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് ഫാത്തിമയുടെ മറ്റ് മക്കള്‍. 1930 ജനുവരി 1 ന് ആണ് ഫാത്തിമ ഇസ്മയിലിന്റെ ജനനം. പരേതനായ വൈക്കം ചെമ്പില്‍ ഇസ്മായില്‍ ആണ് ഫാത്തിമയുടെ ഭര്‍ത്താവ്.
1946 ല്‍ ആയിരുന്നു ഇസ്മായിലുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ കുട്ടി ജനിക്കുന്നത്. മുഹമ്മദ് കുട്ടി എന്ന് പേരിട്ട ആ കുഞ്ഞാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ മമ്മൂട്ടിയാകുന്നത്. മുഹമ്മദ് കുട്ടി എന്ന പേര് മാറ്റിയതിന് മമ്മൂട്ടിയെ താന്‍ വഴക്ക് പറഞ്ഞിട്ടുണ്ട് എന്ന് ഫാത്തിമ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?












Click it and Unblock the Notifications