പുതിയ എസി ബസുമായി റോബിന്‍; യാത്രക്കാരെ കിട്ടാനില്ലെന്ന് ഉടമ, 'കെഎസ്ആര്‍ടിസി കൊണ്ടുപോയി'
കോട്ടയം: എംവിഡിയെ വെല്ലുവിളിച്ച് വിവാദത്തിലായ റോബിന്‍ ബസിന്റെ പുതിയ സര്‍വീസിന് യാത്രക്കാരെ ലഭിക്കാനില്ലെന്ന് ഉടമ ഗിരീഷ്. പുതിയ എസി ബസുമായി റോബിന്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ ഈ ബസിലേക്ക് യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് ഗിരീഷ് പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെര്‍മിറ്റ് ലഭിക്കാന്‍ വൈകിയതാണ് ഇതിന് കാരണം എന്നാണ് ഗിരീഷ് പറയുന്നത്.
'എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം 70 ദിവസത്തോളമാണ് ബസ് കട്ടപ്പുറത്ത് ഇരുന്നത്. പുതിയ ബസിന് രണ്ട് ദിവസം മുന്‍പാണ് പെര്‍മിറ്റ് ലഭിച്ചത്. അപ്പോഴേക്കും കെഎസ്ആര്‍ടിസി അടക്കം ബുക്കിങ് എടുത്തിരുന്നു. ഇനി യാത്രക്കാരെ കിട്ടാന്‍ പ്രയാസമാണ്,' ഗിരീഷ് വ്യക്തമാക്കി. ഇന്നാണ് സര്‍വീസ് ആരംഭിച്ചത്. അനാവശ്യ നൂലാമാലകള്‍ കാരണം പെര്‍മിറ്റ് ലഭിക്കാന്‍ വൈകിയെന്ന് ഗിരീഷ് പറയുന്നു.

ഇതുമൂലമാണ് സര്‍വീസ് ആരംഭിക്കല്‍ ഇത്രയും നീണ്ടുപോയത് എന്നും ഇല്ലെങ്കില്‍ 20 ദിവസം മുന്‍പെങ്കിലും സര്‍വീസ് ആരംഭിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന്റെ പേരിലാണ് അവസാനം എംവിഡി പെര്‍മിറ്റ് നല്‍കാന്‍ വിസമ്മതിച്ചത്. മുന്നിലും പിന്നിലുമുള്ള നമ്പര്‍ പ്ലേറ്റ് മാത്രമേ കമ്പനി നല്‍കൂ. എന്നാല്‍ വശങ്ങളില്‍ കൂടി അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് വേണം എന്ന് എംവിഡി നിര്‍ദേശിച്ചു.
ഇക്കാര്യം പറഞ്ഞ് കമ്പനിയെ സമീപിച്ചപ്പോള്‍ ഒരു വാഹനത്തിന് രണ്ടില്‍ കൂടുതല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നല്‍കാനാവില്ല എന്നായിരുന്നു അവരുടെ പ്രതികരണം എന്ന് ഗിരീഷ് പറയുന്നു. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന്റെ പ്രശ്‌നം പരിഹരിച്ചപ്പോള്‍ ബസിന് അകത്ത് മൈക്ക് അനൗണ്‍സ്‌മെന്റ് സംവിധാനമില്ല എന്നതായിരുന്നു എംവിഡിയുടെ അടുത്ത പ്രശ്‌നം എന്നും ഗിരീഷ് പറയുന്നു.
''അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ. യാത്രക്കാര്‍ വളരെ കുറവാണ്. ഇനി ബുക്കിങ്ങൊക്കെ കിട്ടുമോയെന്ന് അറിയില്ല. എങ്കിലും സര്‍വീസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.'' ഗിരീഷ് കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ 3.30ന് പുനലൂരില്‍ നിന്നും യാത്ര തിരിക്കുന്ന ബസ്, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, മണ്ണുത്തി, പാലക്കാട് വഴി രാവിലെ 10.30 നാണ് കോയമ്പത്തൂരില്‍ എത്തുക.
വൈകിട്ട് 5 നാണ് മടക്കയാത്ര. വൈറ്റില വഴി രാത്രി 12.45 ന് പുനലൂരില്‍ എത്തിച്ചേരും. പെര്‍മിറ്റ് ചട്ടം ലംഘിച്ച് അനധികൃത സര്‍വീസ് നടത്തിയതിന്റെ പേരില്‍ എംവിഡി നടപടിയെടുത്തതോടെയാണ് റോബിന്‍ ബസ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് ബസുടമ ഗിരീഷ് രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.












Click it and Unblock the Notifications