മന്നത്തിന്റെ ചിത്രം ചരിത്രപ്രദര്‍ശനത്തിനില്ല; സിപിഎമ്മിനെതിരെ എന്‍എസ്എസ്
കോട്ടയം: സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനത്തില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയെന്ന വിമര്‍ശനവുമായി എന്‍ എസ് എസ് (നായര്‍ സര്‍വീസ് സൊസൈറ്റി). രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും മറ്റ് ചിലപ്പോള്‍ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അവരുടെ താല്ക്കാലിക രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ട് എന്ന് മനസിലാക്കിയാല്‍ മതി എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നത്ത് പത്മനാഭനോ എന്‍ എസ് എസോ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയുള്ള നിലപാടുകള്‍ ഒരു കാലത്തും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമോചന സമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിന് എതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയും ആയിരുന്നുവെന്നും അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണ് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 1970 ഫെബ്രുവരി 25 നാണ് മന്നത്ത് പത്മനാഭന്‍ അന്തരിക്കുന്നത്. കേരളത്തില്‍ വളര്‍ന്ന് വികസിച്ച നവോത്ഥാന ചിന്തകളെ നായര്‍ വിഭാഗത്തില്‍ പ്രചരിപ്പിച്ചാണ് മന്നത്ത് സാമൂഹ്യ രംഗത്തേക്ക് കടന്നുവന്നത്.

സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ മന്നത്ത് ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. ആര്‍ഭാട രഹിതമായ രീതിയില്‍ ചടങ്ങുകള്‍ നടത്താന്‍ മന്നത്ത് സമുദായംഗങ്ങളോട് നിര്‍ദേശിച്ചിരുന്നു. 1914 ലാണ് മന്നത്തിന്റെ നേതൃത്വത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി രൂപം കൊണ്ടത്. ബ്രഹ്മണ മേധാവിത്വത്തെ എതിര്‍ത്തിരുന്ന മന്നത്ത് അടിമ മനോഭാവത്തിനെതിരെയും നിലപാടെടുത്തയാളാണ്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു. വൈക്കം സത്യാഗ്രഹത്തിന്റെ കാലത്ത് വൈക്കത്ത് നിന്ന് തിരുവന്തപുരത്തേക്ക് നടത്തിയ സവര്‍ണ ജാഥയ്ക്ക് നേതൃത്വം നല്‍കിയതും മന്നത്തായിരുന്നു.

ഇന്ന് രാവിലെയാണ് എറണാകുളത്ത് സി പി ഐ എമ്മിന്റെ സംസ്ഥാന സമ്മേളനം ആരംഭിച്ചത്. 9.30-ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പുറമെ 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജന്‍ഡയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. രണ്ടാം ദിനമായ ബുധനാഴ്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയും മൂന്നാം തീയതി നവകേരള നയ രേഖയെക്കുറിച്ചുള്ള ചര്‍ച്ചയുമാണ് നടക്കുന്നത്.

നാലാം തീയതി രാവിലെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കും. പിന്നീട് പുതിയ കമ്മിറ്റി ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയെ അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കും. നിലവിലെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയാകാനാണ് സാധ്യത. മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ ഇല്ലാതെയാണ് ഇത്തവണ സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് അനാരോഗ്യം മൂലം വീട്ടില്‍ വിശ്രമത്തിലാണ് വി എസ്.
Recommended Video


സി പി ഐ എം സംസ്ഥാന സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വി എസ് അച്യുതാനന്ദന്‍ ആയിരുന്നു പതാക ഉയര്‍ത്തിയിരുന്നത്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളത്ത് സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കുന്നത്. 1985 ലായിരുന്നു ഇതിന് മുന്‍പ് എറണാകുളത്ത് സി പി ഐ എം സമ്മേളനം സംഘടിപ്പിച്ചിരുന്നത്.












Click it and Unblock the Notifications