കൊട്ടികലാശ ആവേശത്തില്‍ ആടിപ്പാടി പുതുപ്പള്ളി; അവസാന നിമിഷത്തിലും മൂര്‍ച്ച കൂട്ടി പാര്‍ട്ടികള്‍
കോട്ടയം: ആഴ്ചകള്‍ നീണ്ട പ്രചാരണം അവസാനിക്കുമ്പോള്‍ ആഹ്ലാദത്തിമര്‍പ്പിലാണ് പുതുപ്പള്ളിക്കാര്‍. തിരഞ്ഞെടുപ്പ് ആവേശത്തില്‍ ഒട്ടും കുറവ് വരാതെ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുക്കുന്നതായിരുന്നു പ്രചാരണം. അര ലക്ഷം ഭൂരിപക്ഷം, ഓഡിയോ, പോത്ത്, കള്ളവോട്ട് തുടങ്ങി കൗതുകങ്ങളടങ്ങിയ വാക്കുകള്‍ അവസാന ലാപ്പില്‍ പുതുപ്പള്ളിയിലുയര്‍ന്നു.
എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ആവേശം വിതറിയ റോഡ് ഷോകളിലൂടെ പുതുപ്പള്ളിയിലെ തെരുവുകള്‍ കീഴടക്കുന്നതായിരുന്നു അവസാന കാഴ്ച. കൊട്ടിക്കലാശ വേദിയായ പാമ്പാടിയിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളാണ് ഇന്ന് കൂടുതല്‍ ചര്‍ച്ചയായത്.

പോര്‍വിളിയും പോരും ഒട്ടും കുറഞ്ഞില്ല. വികസനം എവിടെ എന്നായിരുന്നു ഇടതുപക്ഷം ചോദിച്ചത്. എണ്ണി പറഞ്ഞ് യുഡിഎഫിന്റെ മറുപടി. വികസനം ചര്‍ച്ച ചെയ്യാനുണ്ടോ എന്നാണ് എല്‍ഡിഎഫ് സാരഥി ജെയ്ക് സി തോമസ് തുടക്കം മുതല്‍ ചോദിച്ചത്. ഇനി എന്തുവേണം എന്ന് ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങള്‍ എടുത്തുകാട്ടി ചാണ്ടി ഉമ്മന്‍ മറുചോദ്യം ഉന്നയിച്ചു.

യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. ചാണ്ടി ഉമ്മന് അനുകൂലമായതും സര്‍ക്കാരിനെതിരായതുമായ വിധിയെഴുത്താകും പുതുപ്പള്ളിയില്‍. ചാണ്ടി ഉമ്മന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണ്...
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. എംവി ഗോവിന്ദന്‍ മലക്കം മറിയല്‍ വിദഗ്ധനാണ്. മാസപ്പടിയും അഴിമതിയും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും. കള്ളവോട്ട് ചെയ്യാന്‍ ഒരാളും പുതുപ്പള്ളിയിലേക്ക് വരേണ്ട. സിപിഎം ബിജെപി ധാരണയുണ്ടെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്താണ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധിക്ഷേപിച്ചു. ജെയ്കിന് കിട്ടുന്ന അത്രയും വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. പോത്ത് പരാമര്‍ശം സുധാകരന് തന്നെയാണ് ചേരുക എന്ന് മന്ത്രി വിഎന്‍ വാസവന്‍ തിരിച്ചടിച്ചു. അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് കിട്ടുമെന്നത് സ്വപ്‌നമാണെന്നും വാസവന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സാ കാലത്ത് വീഴ്ച സംഭവിച്ചുവെന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതലാണ് സൈബറിടങ്ങളില്‍ പ്രചരിച്ചത്. മകന്‍ എന്ന നിലയില്‍ പിതാവിന് എല്ലാ ചികില്‍സയും നല്‍കിയെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഫോണ്‍ സംഭാഷണം തിരക്കഥയാണ്. വ്യാജ ഓഡിയോകള്‍ പ്രചരിക്കുന്നതിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെയ്ക് സി തോമസിന്റെ പ്രചാരണത്തിന് വേണ്ടി കോഴിക്കോട്ട് നിന്ന് പാട്ടുപാടിയാണ് സിപിഎം അണികള്‍ എത്തിയത്. പുത്തന്‍ സിനിമാ ഗാനങ്ങളുടെ പാരഡിയും മണ്ഡലത്തില്‍ പ്രചാരണത്തിന് കൊഴുപ്പേകി. ഒരുവേള അച്ചു ഉമ്മന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് മറിയ ഉമ്മനും പങ്കാളിയായി. ജെയ്കിന് വേണ്ടി അദ്ദേഹത്തിന്റെ ബന്ധുക്കളും രംഗത്തിറങ്ങി.












Click it and Unblock the Notifications