'അച്ചുവിന്റെ കരിയർ ആണത്, വ്യക്തിപരമായ തീരുമാനം'; വിവാദങ്ങളിൽ പ്രതികരണവുമായി മറിയം ഉമ്മൻ
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സഹോദരി മറിയം ഉമ്മൻ. എന്ത് കരിയർ തിരഞ്ഞെടുക്കണമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്നും അച്ചു ഉമ്മന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കയറി കടന്നാക്രമിക്കുന്നത് ശരിയാണോ എന്നും മറിയം ചോദിച്ചു.
അങ്ങനെ അത് ചെയ്യുന്നവർ ചിന്തിക്കണമെന്നും മറിയം പറഞ്ഞു. മനോരമ ഓൺലൈനിനോട് ആയിരുന്നു പ്രതികരണം. ഉമ്മൻ ചാണ്ടിയെ അനുകരിച്ച് സഹതാപം സൃഷ്ടിക്കേണ്ട ആവശ്യം ചാണ്ടി ഉമ്മന് ഇല്ലെന്നും മറിയം വ്യക്തമാക്കി.

'എല്ലാവർക്കും കരിയർ ഉണ്ട്. അച്ചുവിന്റെ കരിയർ ആണത്. എന്ത് കരിയർ തിരഞ്ഞടുക്കണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്, അങ്ങനെ ഒരാളുടെ വ്യക്തിപരമായ കാര്യത്തിലേക്ക് കയറി കടന്നാക്രമിക്കുന്നത് ശരിയാണോ എന്ന് അത് ചെയ്യുന്നവർതന്നെ ചിന്തിക്കണം.
തുടർച്ചയായി സൈബർ ആക്രമണം ഉണ്ടായപ്പോൾ തന്നെ അതിനെതിരെ പ്രതികരണവുമായി അച്ചു വിശദമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് മാധ്യമങ്ങളോടും പ്രതികരിച്ചിട്ടുണ്ട്. അതോടെ പ്രശ്നം അവസാനിക്കുമെന്നാണ് വിശ്വാസം, മറിയം പറഞ്ഞു.
ആദ്യം ചാണ്ടി ഉമ്മന് നേരെയായിരുന്നു ആക്രമണം. ഉമ്മൻ ചാണ്ടിയെ പോലെ മുടി ഉഴപ്പിയിട്ട് നടക്കുന്നു, ഉമ്മൻ ചാണ്ടിയെ പോലെ ഇരിക്കുന്നു. ഉമ്മൻ ചാണ്ടിയെ പോലെ നടക്കുന്നു എന്നൊക്കെയായിരുന്നു ആക്ഷേപം. അപ്പന്റെ സവിശേഷതകൾ മക്കൾക്ക് ഉണ്ടാകുന്നതിൽ അസ്വാഭാവികത എന്താണുള്ളത്..?
എന്നോട് പലരും പറയാറുണ്ട് ഞാൻ അപ്പയെ പോലെയാണ് എന്ന്. അപ്പയുടെ മരണ ശേഷം കണ്ടുമുട്ടിയ പലരും എന്നോട് പറയുന്നത് അപ്പ സംസാരിക്കുന്നത് അതേ രീതിയിലാണ് ഞാൻ സംസാരിക്കുന്നതും പെരുമാറുന്നതും എന്നാണ്, അവർ പറഞ്ഞു.
ചാണ്ടി ഉമ്മനും അപ്പയുടെ പെരുമാറ്റ രീതി ഉണ്ടാകുമെന്നും അപ്പന്റെ മക്കളല്ലേ, അപ്പനെ പോലെ നടക്കുന്നു, ഇരിക്കുന്നു എന്നൊക്കെ പറഞ്ഞ് സൈബർ ആക്രമണം നടത്തുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും മറിയം ചോദിച്ചു. ഉമ്മൻ ചാണ്ടിയെ അനുകരിച്ച് എന്തെങ്കിലും ചെയ്ത് സഹതാപം സൃഷ്ടിക്കേണ്ട ആവശ്യം ചാണ്ടിക്കില്ല. അടിസ്ഥാന രഹിതമായ ആരോപണമാണ് അതെന്നും മറിയം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകൻ എന്നതിനൊപ്പം ചാണ്ടിക്ക് സ്വന്തമായ വ്യക്തിത്വമുണ്ട്. ചാണ്ടിയുടെ വിദ്യാഭ്യാസ യോഗ്യത, ചാണ്ടി ചെയ്ത പ്രവർത്തനങ്ങൾ, അങ്ങനെ ഒരു സ്ഥാനാർഥിയെ വിലയിരുത്തുന്ന ഘടകങ്ങൾ പരിഗണിച്ചാൽ അതിലെല്ലാം ചാണ്ടി യോഗ്യതയുള്ള വ്യക്തിയാണ്. അത് ചാണ്ടിക്ക് അനുകൂലമായ വോട്ടായി മാറും, മറിയം പറയുന്നു.












Click it and Unblock the Notifications