സമയം നീട്ടിക്കൊടുക്കണം, പലരും വോട്ട് ചെയ്യാനാവാതെ മടങ്ങിയെന്ന് ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി: മണിക്കൂറുകളോളം പോളിംഗ് ബൂത്തില്‍ നിന്നിട്ടും പലരും വോട്ട് ചെയ്യാനാവാതെ തിരിച്ച് പോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയിലെ വോട്ടെടുപ്പ് സമയം നീട്ടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ മുതല്‍ വന്‍ തിരക്കാണ് എല്ലായിടത്തും. മണ്ഡലത്തിലെ എല്ലാ ബൂത്തിലും പോകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് അതിന് സാധിച്ചില്ല.
ചില ബൂത്തുകളില്‍ പോളിംഗ് ഇഴഞ്ഞാണ് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണം. 31 ബൂത്തുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. വോട്ടിംഗ് യന്ത്രത്തിന്റെ വേഗത കുറഞ്ഞതിനാല്‍ പലരും വോട്ട് ചെയ്യാന്‍ സാധിക്കാതെയാണ് മടങ്ങിയത്. മൂന്ന് മണിക്കൂര്‍ വരെയായി കാത്തിരിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.

ഒരാള്‍ വോട്ട് അഞ്ച് മിനുട്ടിലേറെ സമയം പല ബൂത്തുകളിലും എടുക്കുന്നുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു. വോട്ടിംഗ് മെഷീന്‍ സ്ലോ ആണെന്ന മറുപടിയാണ് ലഭിച്ചത്. കാരണം എന്താണെന്ന് മാത്രം പറയുന്നില്ല. ഇക്കാര്യങ്ങളൊക്കെ റിട്ടേണിംഗ് ഓഫീസറോട് നേരത്തെ പറഞ്ഞിരുന്നു. നടപടിയൊന്നുമുണ്ടായിട്ടില്ല. വോട്ട് ചെയ്യുക എന്നത് എല്ലാവരുടെയും അവകാശമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ആറ് മണിയോടെ പോളിംഗ് സമയം കഴിഞ്ഞെങ്കിലും ബൂത്തുകളില്‍ ഇപ്പോഴും നീണ്ട നിരയാണ്. വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോയവരെ തിരിച്ചെത്തിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടത്. അതേസമയം ബൂത്തുകളില്‍ എത്തിയവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പോളിംഗ് വൈകുന്നതില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും പ്രതികരണവുമായി എത്തി.
ഒരു മണിക്കൂര്‍ ക്യൂ നിന്ന ശേഷമാണ് താന്‍ വോട്ട് ചെയ്തതെന്ന് ജെയ്ക് പറഞ്ഞു. പോളിംഗ് മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും പോയിരുന്നു. എന്നാല്‍ എല്ലായിടത്തും ഇത്തരത്തിലുള്ള അവസ്ഥയില്ല. ചിലയിടങ്ങളില്‍ മാത്രമാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്. ഉത്തരവാദപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ട്. മന്ത്രി വാസവന്‍ അടക്കമുള്ളവര്‍ പോളിംഗ് മന്ദഗതിയിലായതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തിയെന്നും, കളക്ടറുമായി സംസാരിച്ചെന്നും ജെയ്ക് പറഞ്ഞു.
ആവശ്യത്തിന് നടപടികള്‍ ഉണ്ടാവുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു. അതേസമയം പോളിംഗ് സ്‌റ്റേഷന്റെ ഗേറ്റ് അടച്ച ശേഷം ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കിയ ശേഷം വോട്ടകാശം വിനിയോഗിക്കുന്നതിന് അവസരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications