ശ്രദ്ധയുടെ ആത്മഹത്യ: അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു
കോട്ടയം: വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണം എന്നും മാനേജ്‌മെന്റ് നിര്‍ദേശിച്ചു. അതേസമയം ഹോസ്റ്റല്‍ ഒഴിയില്ല എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതോടെ ഇന്ന് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താം എന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയുമായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രദ്ധയെ കോളേജ് ഹോസ്റ്റലിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയി തിരിച്ചു വരുമ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കാണുന്നത്.

ഉടന്‍ തന്നെ കോളജ് ജീവനക്കാരെത്തി ശ്രദ്ധയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ശ്രദ്ധ തലകറങ്ങി വീണതാണ് എന്നാണ് കോളജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത് എന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ അതിന് അനുസരിച്ചുള്ള ചികിത്സ ശ്രദ്ധക്ക് ലഭിക്കുമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. ജൂണ്‍ ഒന്നിനാണ് ശ്രദ്ധ വീട്ടില്‍നിന്ന് കോളജിലെത്തിയത്. രണ്ടാം തിയതി രാവിലെ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നതാണ്. അപ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നും മകളും ഒന്നും പറഞ്ഞിരുന്നില്ലെന്നുമാണ് പിതാവ് പറയുന്നത്. എന്നാല്‍ അന്ന് ഉച്ചക്ക് എച്ച്ഒഡി ശ്രദ്ധയുടെ പിതാവിനെ വിളിച്ചിരുന്നു.
ശ്രദ്ധ ലാബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നും അതിന്റെ പേരില്‍ ഫോണ്‍ വാങ്ങിവെച്ചിരിക്കുകയാണ് എന്നും അറിയിച്ചു. ശ്രദ്ധക്ക് ചില പരീക്ഷകളില്‍ മാര്‍ക്ക് കുറവാണ് എന്നും അടുത്ത ദിവസം കോളജിലെത്തണം എന്നും എച്ച്ഒഡി പിതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. അന്ന് രാത്രി തന്നെയാണ് ശ്രദ്ധയെ ആശുപത്രിയിലാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് വീണ്ടും പിതാവിന്റെ ഫോണിലേക്ക് കോളെജില്‍ നിന്ന് ഫോണ്‍ വരുന്നത്.
പത്ത് മിനിറ്റ് കഴിഞ്ഞ് കുട്ടി മരിച്ചെന്നും പറയുകയായിരുന്നു. ആത്മഹത്യയായിരുന്നു എന്നത് ആശുപത്രിയില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് എന്നും കോളജ് അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ തരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍, മുഖ്യമന്ത്രി, ഡിജിപി കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications