കോട്ടയത്ത് കരുത്ത് കാട്ടി യുഡിഎഫ്; ആകെയുള്ള ആറില്‍ അഞ്ച് നഗരസഭകളും പിടിച്ചു, ഇടതിന് പാലാ മാത്രം
കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ യുഡിഎഫ് കോട്ട തകര്‍ക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. ജില്ലാ പഞ്ചായത്തും ബഹുഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫ് പിടിച്ചു. എന്നാല്‍ ഇന്ന് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായതോടെ നഗരസഭകളുടെ കാര്യത്തില്‍ ജില്ലയില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ആണ് ഉള്ളത്. ജില്ലിയിലെ ആകെയുള്ള ആറില്‍ അഞ്ച് നഗരസഭകളിലും യുഡിഎഫ് അധികാരം പിടിച്ചു.

സ്വതന്ത്രരും നറുക്കെടുപ്പും
ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം, ഈരാറ്റുപേട്ട, കോട്ടയം നഗരസഭാ ഭരണമാണ് യുഡിഎഫ് പിടിച്ചെടുത്തത്. സ്വതന്ത്രരും നറുക്കെടുപ്പിലെ ഭാഗ്യവുമായി യുഡിഎഫിനെ തുണച്ചത്. ഇതോടെ ജില്ലയിലെ നഗരസഭകളില്‍ ഇടത് ഭരണം പാലാ നഗരസഭയില്‍ മാത്രം ഒതുങ്ങി. കോട്ടയം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകകക്ഷിയായിട്ടും ഇടതിന് അധികാരത്തിലെത്താന്‍ സാധിച്ചില്ല.

കോട്ടയം നഗരസഭ
എല്‍ഡിഎഫ് 22, യുഡിഎഫ് 21, എന്‍ഡിഎ 8 എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില. ഇവിടെ സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. നറുക്കെടുപ്പില്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റുമാനൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ലൗലി ജോര്‍ജ് നഗരസഭ ചെയര്‍പേഴ്‌സണായി. മൂന്ന് സ്വതന്ത്രരും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണം ലഭിച്ചത്.

ഏറ്റുമാനൂര്‍ നഗരസഭ
35 അംഗങ്ങളുള്ള ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിനു 12 സീറ്റുകളുമാണ് ലഭിച്ചത്, ഏഴ് സീറ്റുകള്‍ ബിജെപിക്കും ലഭിച്ചു. ശേഷിച്ച മൂന്നിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണയോടെയാണ് ലൗലി ജോർജ്ജ് ചെയർമാൻ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഒരു സ്വതന്ത്ര എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു. കഴിഞ്ഞ തവണയും നാല് സ്വതന്ത്രരെ കൂടെ കൂട്ടിയാണ് യുഡിഎഫ് ഭരണം നേടിയത്.

വൈക്കത്ത്
വൈക്കത്ത് യുഡിഎഫ് ചെയർപേഴ്സണായി രേണുകാ രതീഷ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് സ്വതന്ത്രര്‍ ആരെയും പിന്തുണച്ചില്ല. സ്വതന്ത്രരായ അയ്യപ്പന്‍, എസി മണിയമ്മ എന്നിവരാണ് ആരേയും പിന്തുണയ്ക്കാതെ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചത്. 11 സീറ്റ് നേടിയ കോണ്‍ഗ്രസാണ് നഗരസഭയിലെ വലിയ ഒറ്റകക്ഷി. എല്‍ഡിഎഫിന് ഒമ്പത് സീറ്റുകളാണുള്ളത്. രണ്ട് സീറ്റില്‍ ബിജെപിയും വിജയിച്ചു.

ചങ്ങനാശ്ശേരിയില്‍
സ്വതന്ത്രയായ സന്ധ്യ മനോജിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയാണ് ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് അധികാരം പിടിച്ചത്. ഈരാറ്റുപേട്ടയിൽ ലീഗിൻ് സുഹറാ അബ്ദുൾഖാദറും തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയില്‍ ആകെയുള്ള 28 ൽ 14 അംഗങ്ങളാണ് യുഡിഎഫിന് ഉള്ളത് . മുസ്ലീം ലീഗിനു പത്ത് അംഗങ്ങളും കോൺഗ്രസിനു നാല് അംഗങ്ങളുമുണ്ട്. എല്‍ഡിഎഫിന് ഒമ്പതും എസ്‍ഡിപിഐക്ക് അഞ്ചും അംഗങ്ങള്‍ ഉണ്ട്.

പാലാ നഗരസഭയില്‍
പാലാ നഗരസഭയില്‍ മാത്രമാണ് ജില്ലയില്‍ എല്‍ഡിഎഫിന് ഭരണം ലഭിച്ചത്.കേരള കോണ്‍ഗ്രസ് എമ്മിലെ ആന്‍റോ ജോസ് അധ്യക്ഷനായി. പാര്‍ട്ടിയുടെ നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് ആന്‍റോ ജോസിനെ തിരഞ്ഞെടുത്തത്. പാലാ നഗരസഭയില്‍ ആകെയുള്ള 22 സീറ്റുകളില്‍ 14 വാര്‍ഡിലാണ് ഇടതുമുന്നണി വിജയിച്ചത്. 16 സീറ്റിൽ മത്സരിച്ച ജോസ് വിഭാഗം 11 ഇടത്ത് വിജയിച്ചു. 5 ഇടത്ത് തോറ്റു. കഴിഞ്ഞ കൗൺസിലിലെ 11 സീറ്റുകൾ നില നിർത്താന്‍ കഴിഞ്ഞത് കേരള കോണ്‍ഗ്രസിന് കരുത്തായി.












Click it and Unblock the Notifications