കോഴിക്കോട് കായണ്ണയിൽ 6 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഉടൻ ചികിത്സ തേടി
കോഴിക്കോട്: പേരാമ്പ്രയ്ക്കടുത്ത് കായണ്ണയിൽ ആറ് സ്ത്രീകൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ ആറ് പേർക്കാണ് പരിക്കേറ്റത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. തോട്ടത്തിൽ പണിയെടുത്ത് കൊണ്ടിരിക്കെയായിരുന്നു അപകടം. തൊഴിലുറപ്പ് ജോലിയായിരുന്നു ഇവർ ചെയ്‌തു കൊണ്ടിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ ഉടൻ തന്നെ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബോധരഹിതരായി കിടന്നിരുന്ന തൊഴിലാളികളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രദേശത്ത് കാര്യമായ മഴയില്ലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കനത്ത ഇടിമിന്നൽ ഉണ്ടാവുകയായിരുന്നു. അടുത്ത് തന്നെയുള്ള പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.

കദീശ, നസീമ, അനിത, സുമിഷ, റുഖിയ, കല്യാണി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കായണ്ണ നമ്പ്രതുമ്മൽ സ്വദേശിനികളാണ് ഇവർ. കായണ്ണ 12ആം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ഇവർ. ആർക്കും സാരമുള്ള പരിക്കേറ്റില്ലെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.
അതേസമയം, ഇന്ന് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും വടക്കൻ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും സംസ്ഥാനത്ത് ഇടിമിന്നൽ സാധ്യത നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് നാല് തൊഴിലാളികൾക്ക് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്.ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. ഇടിമിന്നൽ ഉണ്ടാവുന്ന സമയത്ത് പരമാവതി ജനലിനും വാതിലിനും സമീപം നിൽക്കുന്നത് ഒഴിവാക്കുക.
ഇത്തരം സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. കൂടാതെ വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് പരമാവധി ഒഴിവാക്കുന്നതാവും ഉചിതം. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ലെങ്കിലും സുരക്ഷിതമായ സ്ഥാനങ്ങളിൽ നിന്ന് വേണം ഇത് ഉപയോഗിക്കാൻ.












Click it and Unblock the Notifications