ഡോക്ടർ പറഞ്ഞത് ഹൃദായാഘതമെന്ന്: പക്ഷെ.. യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും
മുക്കം: കോഴിക്കോട് മുക്കത്ത് അടക്കം ചെയ്ത യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താന്‍ തീരുമാനം. കഴിഞ്ഞ നാലാം തിയതി മരിച്ച തോട്ടുമുക്കം പനംപ്ലാവ് സ്വദേശിയും ടിപ്പർ ഡ്രൈവറുമായ പുളിക്കല്‍ തോമസിന്റെ മൃതദേഹമാണ് വീണ്ടും പുറത്തെടുക്കുന്നത്. മരണത്തില്‍ വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി.
മരണത്തിന് മുമ്പ് തോമസും സുഹൃത്തുക്കളുമായി സംഘർഷമുണ്ടാവുകയും അതില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിവരം വീട്ടുകാർ അറിയുന്നത് മരണ ശേഷമാണ്. ശരീര വേദനയെ തുടർന്ന് തോമസിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് എടുത്ത എക്സേറിയില്‍ തോളെല്ലില്‍ പൊട്ടലുള്ളതായി കണ്ടതോടെ നാലാം തിയതി എല്ല് വിഭാഗം ഡോക്ടറെ കാണിക്കാന്‍ കുടുംബം തീരുമാനിച്ചിരുന്നു.

എന്നാല്‍ നാലാം തിയതി പുലർച്ചെ വീട്ടുകാർ വിളിച്ചപ്പോള്‍ തോമസ് അനക്കമില്ലാത്ത സ്ഥിതിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ രണ്ടാം തീയതി സമീപത്തെ ആയുർവേദ ചികിത്സാലയത്തില്‍ പോയിരുന്നു. ഇതിന് ശേഷം മൂന്നാം തിയതിയാണ് സ്വകാര്യ ആശുപത്രിയിലേക്ക് എത്തുന്നത്. ഹൃദായാഘാതമാണെന്ന് ഡോക്ടർ പറഞ്ഞതോടെ സ്വാഭാവിക മരണമെന്ന നിലയില്‍ പനമ്പിലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ തോമസിന്റെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് തോമസും സുഹൃത്തുക്കളും തമ്മില്‍ സംഘർഷമുണ്ടായ കാര്യം അറിയുന്നത്. ഹൃത്തുക്കളോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധ മൊഴിയാണ് ലഭിച്ചത്. ഇതോടെയാണ് കുടുംബത്തിന് സംശയങ്ങള്‍ വർധിച്ചത്. തുടർന്ന് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടിക്രമങ്ങളുമായി പൊലീസും മുന്നോട്ട് പോയി. കോടതി അനുമതി ലഭിച്ചതോടെ ഇന്ന് മൃതദേഹം പുറത്തെടുക്കാനും തീരുമാനമായി.












Click it and Unblock the Notifications