കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; വിരലിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ, പ്രതിഷേധം
കോഴിക്കോട്: ഗുരുതര ചികിത്സാ പിഴവ് ആരോപണം നേരിട്ട് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജ്. നാല് വയസുകാരിക്ക് ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയതായാണ് ആരോപണം. കൈയിലെ വിരലിൽ ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് സൂചന. ഇതിന് പിന്നാലെ ആശുപത്രിക്ക് എതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ.
ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായാണ് ചെറുവണ്ണൂർ സ്വദേശിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടര്‍ മാപ്പ് പറഞ്ഞുവെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്‌തത്.

കുഞ്ഞിന്റെ വായിൽ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യമന്വേഷിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ കുടുംബം ഒപ്പമുണ്ടായിരുന്നില്ല. പിന്നെ സർജറി പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കുഞ്ഞിനെ കൊണ്ടുവരുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായ വീഴ്‌ച വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
കൈയിലെ വിരൽ അതേപടി നിലനിൽക്കുന്നത് കണ്ടതോടെ വീട്ടുകാർക്ക് സംശയമായി. ശേഷം അവർ നഴ്‌സിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ വളരെ ലാഘവത്തോടെയാണ് ഇത് ചിരിച്ചുകൊണ്ട് മറുപടി നൽകിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. നാല് വയസുകാരി പെൺകുട്ടിയാണ് ചികിത്സാപിഴവിന് ഇരയായതെന്ന ഗൗരവം പോലും അവർ കാട്ടിയില്ലെന്ന് കുടുംബം പറയുന്നു.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമായ മറുപടി ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. ആശുപത്രിയിൽ എത്തിയ മറ്റേതെങ്കിലും കുട്ടിയുമായി ഡോക്‌ടർക്ക് മാറിപ്പോയതാണോ രേഖകളിലെ പ്രശ്‌നമാണോ തുടങ്ങിയ സംശയങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മറുപടി വന്നിട്ടില്ല.
എന്നാൽ കുട്ടിയുടെ നാവിന് സമാനമായ തടസങ്ങൾ ഉണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ സംഭവത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം. വിഷയം പരിശോധിക്കുമെന്നാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്. ചികിൽസാ പിഴവ് തന്നെയാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുട്ടിയുടെ കുടുംബം.
മുൻപും സമാനമായ രീതിയിൽ ചികിത്സാ പിഴവ് ആരോപണങ്ങൾ നേരിടേണ്ടി വന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന ഇപ്പോഴും സമരം തുടരുകയാണ്. ഇതിനിടെയാണ് സമാനമായ രീതിയിൽ ചികിത്സാ പിഴവ് ആരോപണങ്ങൾ നേരിടേണ്ടി വരുന്നത്.












Click it and Unblock the Notifications