മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് തോളില്‍ കൈവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ, പിഴയോ, അതല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്.
ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.്‌സുരേഷ് ഗോപി ആദ്യം തോളില്‍ കൈവെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയിരുന്നു. വീണ്ടും ചോദ്യമുന്നയിച്ചപ്പോഴും തോളില്‍ കൈവെച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തക കൈപിടിച്ച് മാറ്റുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുകയും, മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പുപറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാണിച്ചാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്ന് സുരേഷ് ഗോപിയാണ് മനസ്സിലാക്കേണ്ടതെന്നായിരുന്നു മാധ്യമപ്രവര്‍ത്തക നേരത്തെ പ്രതികരിച്ചിരുന്നു.
വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവിയും നേരത്തെ സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരുന്നു. മസുരേഷ് ഗോപി മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല ഇതെന്നും, ഈ വിഷയത്തെ ഗൗരവതരമായി കാണുന്നുവെന്നും സതീദേവി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പോലീസിനോട് വസ്തുനിഷ്ടാപരമായി വിഷയം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കും. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവെന്നും സതീദേവി പറഞ്ഞു.












Click it and Unblock the Notifications