ഗെയിം കളിക്കാൻ മൊബൈൽ ചോദിച്ചു, നൽകാതിരുന്നതിന് അമ്മയെ കത്തിയെടുത്തു കുത്തി പതിനാലുകാരൻ
കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ ഫോൺ തരാൻ വിസമ്മതിച്ച അമ്മയെ പതിനാലുകാരൻ കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് പയ്യോളിക്ക് അടുത്ത് തിക്കോടിയിലാണ് സംഭവം. മൊബൈൽ നൽകാൻ അമ്മ തയ്യാറാവാതിരുന്നതോടെയാണ് കുട്ടി അക്രമണത്തിന് മുതിർന്നത്. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. കുട്ടി നേരത്തെ തന്നെ പഠനം അവസാനിപ്പിച്ചിരുന്നതായാണ് ലഭ്യമായ വിവരം.
പതിനാലുകാരൻ മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഫോണിൽ ഡാറ്റ തീർന്നതോടെ തനിക്ക് റീചാർജ് ചെയ്‌തു നൽകാൻ പതിനാലുകാരൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ഇതിന് തയ്യാറായില്ല. ഇതോടെ തനിക്ക് ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ നൽകണമെന്ന് കുട്ടി വാശിപിടിച്ചിരുന്നു.

ഇതിന് അമ്മ തയ്യാറായിരുന്നില്ല. ഇതോടെയാണ് കലിപൂണ്ട കുട്ടി ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് സൂചന.
സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് കുട്ടിയുടെയും അമ്മയുടെയും മൊഴികൾ എടുത്തു. അതേസമയം, കോവിഡ് വ്യാപനത്തിന് ശേഷം മിക്ക സ്‌കൂളുകളും ഓൺലൈൻ ക്ലാസിലേക്ക് മാറിയതോടെയാണ് കുട്ടികളിൽ കൂടുതലായി മൊബൈൽ ഉപയോഗം വർധിച്ചത്. ഇത് വലിയ രീതിയിൽ ആരോഗ്യ പ്രശ്‌നങ്ങൾക്കും മാനസിക വൈകല്യങ്ങൾക്കും ഇടയാക്കുമെന്ന ആശങ്ക നേരത്തെ തന്നെ ഉയർന്നിരുന്നു.
അതിനിടയിലാണ് തിക്കോടിയിലെ സംഭവത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. ഇതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. കുട്ടികളിലെ സ്‌ക്രീൻ ടൈം നിയന്ത്രിക്കണമെന്നാണ് വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. കൗമാര പ്രായത്തിലുള്ള വിദ്യാർത്ഥികൾ കൂടുതലായി മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെടുന്നതായി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു.


Click it and Unblock the Notifications