കരിപ്പൂര്‍ വിമാനത്തവളത്തിന് പാരയായി സമീപങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകള്‍, അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറുടെ ഉത്തരവ്
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ര്ട വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗം തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
വിമാനത്താവള ചുറ്റുമതിലിനോട് ചേര്‍ന്നും പരിസരത്തും നടക്കുന്ന അനധികൃത ഖനനത്തിനെതിരെ നടപടി ശക്തമാക്കും. അസമയങ്ങളിലെ ഖനനം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നടപ്പാക്കിയ ഒറ്റവരി പാര്‍ക്കിങ് പ്രവര്‍ത്തനം വിലയിരുത്തി കുരുക്കൊഴിവാക്കാനുള്ള നടപടി വേഗത്തിലാക്കും. വിമാനത്താവള റോഡില്‍ നുഹ്മാന്‍ ജംങ്ഷന്‍ വരെ വരുന്ന ബസുകളുടെ സര്‍വീസ് എയര്‍പോര്‍ട്ട് വരെ നീട്ടാന്‍ നടപടി സ്വീകരിക്കും.

വിമാനത്താവളത്തില്‍ നിന്നും മലപ്പുറം, കോഴിക്കോട്്് എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടിസി സര്‍വീസ് ആരംഭിക്കുന്നതും പരിഗണിക്കും. നഗരസഭ പരിധിയിലെ കടകളില്‍ നിര്‍ദ്ദിഷ്ട അളവില്‍ കുറഞ്ഞ ഗുണനിലവാരത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നില്ല എന്നു ഉറപ്പു വരുത്തും. വിമാനത്താവള പരിസര ശുചീകരണം കാര്യക്ഷമമാക്കാന്‍ നഗരസഭ, പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. സമീപ പഞ്ചായത്തുകളിലെ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദ്ദേശിച്ചു.
തെരുവ് നായകളെ നിയന്ത്രിക്കുന്നതിനായി എ.ബി.സി. പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. മലപ്പുറം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനാവാസ റാവു, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാണ്ടന്റ് സരോജ് ഭൂപേന്ദ്ര, ഡി.എം.ഒ ഡോ.കെ.സക്കീന, കൊണ്ടോട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. അബൂബക്കര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. രാജീവ്, എയര്‍ അതോറിറ്റി ജോയിന്റ് ജനറല്‍ മാനേജര്‍മാരായ കെ.മുഹമ്മദ് ഷാഹിദ്, രജന്‍ ഗോപി, കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കരിപ്പൂര്‍ വിമാനത്തവളം












Click it and Unblock the Notifications