ഇന്‍ഷുറന്‍സ് അടച്ചില്ല, വാഹനാപകടത്തില്‍ ഒരു മരണം; ഓട്ടോ ഡ്രൈവര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി!
മഞ്ചേരി: കേരളത്തില്‍ ഇന്ന് സ്വന്തമായി വാഹനം ഇല്ലാത്ത കുടുംബം വളരെ കുറവായിരിക്കും. വാഹനം വാങ്ങിക്കുമ്പോള്‍ തന്നെ എപ്പോഴും അധികാരികള്‍ ഓര്‍മിപ്പിക്കുന്നതാണ് വാഹനത്തിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചുവെക്കണം എന്നുള്ളത്. നമ്മളില്‍ പലരും പലപ്പോഴും അത് വിട്ടുപോകാറുണ്ട്.
വാഹനത്തിന്റെ രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ടതില്‍ ഒന്നാണ് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്. പലപ്പോഴും പല വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കൃത്യമായി പുതുക്കാറില്ല. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം നിരത്തിലിറക്കരുത് എന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ അനുശാസിക്കുന്നത്. എന്നാല്‍ പലപ്പോഴും വാഹന ഉടമകള്‍ ഇക്കാര്യം മറക്കാറുണ്ട്.

ഇപ്പോഴിതാ വാഹനങ്ങളിലെ ഇന്‍ഷുറന്‍സ് കൃത്യമായി അടക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓര്‍മിപ്പിക്കുന്ന സംഭവമാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നിന്ന് പുറത്ത് വരുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ആര്‍ സി ഉടമയായ ഓട്ടോ ഡ്രൈവര്‍ 20,86,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മഞ്ചേരി തുവ്വൂര്‍ അക്കരപ്പുറം തയ്യില്‍ വേലായുധനോടാണ് നഷ്ടപരിഹാര തുക നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. 2019 സെപ്റ്റംബര്‍ 29 ന് കീഴാറ്റൂര്‍ മണിയാണീരി കടവിലായിരുന്നു വേലായുധന്റെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. മേലാറ്റൂരില്‍ നിന്ന് കീഴാറ്റൂരിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ വേലായുധന്റെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ബൈക്ക് യാത്രികനായ കീഴാറ്റൂര്‍ ഇല്ലിക്കല്‍ ഗോപാലന്റെ മകന്‍ രാംദാസ് മരിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ ഓട്ടോറിക്ഷയുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ലായിരുന്നു. ഈ കേസിലാണ് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി എസ് ബിനു ആണ് നഷ്ടപരിഹാരം കൊടുക്കണമെന്ന വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയോടൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും നല്‍കണം എന്നും മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications