പിണറായി ദൈവമെന്ന ഫ്ളക്സ്, അറിഞ്ഞിട്ടില്ലെന്ന് സിപിഎം, പാർട്ടിക്കാർ വെച്ചതെന്ന് ക്ഷേത്ര ഭാരവാഹികൾ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന ഫ്‌ളക്‌സ് വെച്ചത് പാര്‍ട്ടി അറിവോടെ അല്ലെന്ന് സിപിഎം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക് അടുത്തുളള പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് വിവാദ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചിരുന്നത്. സിപിഎം പ്രവര്‍ത്തകരാണ് ഈ ഫ്‌ളക്‌സ് സ്ഥാപിച്ചത് എന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ആരോപിക്കുന്നത്. വിവാദമായതിന് പിന്നാലെ ഈ ബോര്‍ഡ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ''ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം'' എന്നാണ് പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ഫ്‌ളക്‌സിലെ വാചകം.
കോൺഗ്രസ് മുൻ എംഎൽഎ വിടി ബൽറാം സംഭവത്തിൽ പിണറായി വിജയനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. '' രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ'' എന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. വിടി ബൽറാമിന് മറുപടി നൽകി നിലമ്പൂർ എംഎൽഎ പിവി അൻവറും രംഗത്ത് വന്നിട്ടുണ്ട്.

''ക്ഷേമപെൻഷനുകൾ നൽകാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട് ഉയരത്തിൽ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയൻ.. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയൻ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ..'' എന്നാണ് പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവ് എം ഷാജറും ബൽറാമിന് മറുപടി നൽകി രംഗത്ത് വന്നിട്ടുണ്ട്. അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാൽ വി ടി ബലരാമൻമാർ ഇത്ര അധ:പതിക്കില്ലായിരുന്നുവെന്ന് എം ഷാജർ പ്രതികരിച്ചു. '' മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേർത്താൽ അദ്ദേഹത്തിൻ്റെ മഹത്വം വീണ്ടും ഉയർന്ന് തന്നെ നിൽക്കും. സോളാറും, ഐസ്ക്രീമും പോലെയല്ല അരി എന്നത് ഓർത്താൽ ബലരാമാദികൾക്ക് നല്ലത് എന്നും ഷാജർ തുറന്നടിച്ചു.












Click it and Unblock the Notifications