Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരിക്കും ഇതാണ് കേരള സ്റ്റോറി; തെന്നാടന്‍ സുബൈദയുടെ ജീവിതം ഓര്‍മിപ്പിച്ച് കെടി ജലീല്‍

മലപ്പുറം: സംഘര്‍ഷ കലുഷിതമായ ഇക്കാലത്ത് ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും മാനവികതയുടെയും കഥകള്‍ക്ക് വളരെ പ്രസക്തിയുണ്ട്. കാളികാവിലെ തെന്നാടന്‍ സുബൈദയുടെ കഥ അറിയുന്നവര്‍ക്ക് മനസില്‍ കുളിര് പെയ്യുമെന്ന് ഉറപ്പാണ്. ഇതര മതസ്ഥയായ കൂട്ടുകാരി മരിച്ചപ്പോള്‍ പറക്കമുറ്റാത്ത അവരുടെ മക്കളെ വീട്ടിലേക്ക് കൊണ്ടുവന്ന് പോറ്റി വളര്‍ത്തിയ ഉമ്മ.

ശ്രീധരനും സഹോദരിമാരും പിന്നീട് താമസിച്ചത് അസീസ് ഹാജിയുടെയും സുദൈബയുടെയും മക്കള്‍ക്കൊപ്പമാണ്. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കിയ സുബൈദ പോറ്റുമ്മയല്ല പെറ്റുമ്മ തന്നെയായിരുന്നു. കെടി ജലീല്‍ എംഎല്‍എ തന്റെ ഫേബ്‌സുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. യഥാര്‍ഥ കേരള സ്‌റ്റോറി ഇതാണെന്ന് ഏവരും ഏറ്റുപറയുന്നു. കുറിപ്പ് ഇങ്ങനെ വായിക്കാം....

k

കേരളത്തിന്റെ യഥാര്‍ത്ഥ കഥ കേള്‍ക്കണോ?
മലപ്പുറം ജില്ലയിലെ കാളികാവിലെ തെന്നാടന്‍ വീട്ടില്‍ സുബൈദയുടെ സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ കഥ കേട്ടാല്‍ ഹൃദയമുള്ളവരുടെ കണ്ണുകള്‍ നിറയുമെന്നുറപ്പ്. സുബൈദയുടെ വീട്ടുജോലിക്കാരിയും കൂട്ടുകാരിയുമായ ചക്കി അകാലത്തില്‍ മരിച്ചു. മേലാളന്‍മാര്‍ക്ക് തൊട്ടുകൂടാത്തവളും തീണ്ടിക്കൂടാത്തവളുമായ ചക്കി സുബൈദക്ക് പക്ഷെ, ആത്മമിത്രമായിരുന്നു.

അവരുടെ ശവസംസ്‌കാരം കഴിഞ്ഞ് മടങ്ങവെ ചക്കിയുടെ മൂന്ന് മക്കളുടെ തേങ്ങലും മുഖവും സുബൈദയുടെ മനസ്സിനെ കൊത്തിവലിച്ചു. അച്ഛനില്ലാതെ ചക്കി വളര്‍ത്തിയ അനാഥമക്കള്‍. അവരെ വളര്‍ത്താന്‍ ജീവിതം ഉഴിഞ്ഞുവെച്ച ചക്കിയുടെ മാതൃമനസ്സ് ആരെക്കാളുമധികം സുബൈദക്കറിയാം. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. എല്ലാവരും ചക്കിയുടെ മക്കളെ ദൈന്യതയോടെ നോക്കി പടിയിറങ്ങി. ആരും അവരെ കൂടെക്കൂട്ടിയില്ല.

അവസാനം അയല്‍വാസികളും സുബൈദയും ഭര്‍ത്താവ് അസീസ് ഹാജിയും മാത്രം പൊളിഞ്ഞുവീഴാറായ ചക്കിയുടെ കുടിലിനു മുന്നില്‍ ബാക്കിയായി. മതനിഷ്ഠയില്‍ ജീവിച്ചിരുന്ന സുബൈദ ഭര്‍ത്താവ് അസീസിനോട് ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി എന്തോ സംസാരിച്ചു. പിന്നെ നേരെച്ചെന്ന് കരഞ്ഞുകൊണ്ടിരുന്ന കൈക്കുഞ്ഞായ ശ്രീധരനെ തോളിലിട്ടു. കരച്ചില്‍ നിര്‍ത്താനാകും ആ താലോലമെന്നാണ് കൂടിനിന്നവര്‍ കരുതിയത്.

എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് പറക്കമറ്റാത്ത രമണിയുടെയും ലീലയുടെയും കൈകള്‍ പിടിച്ച് അസീസ് ഹാജിയുമൊത്ത് സുബൈദ സ്വന്തം വീട്ടിലേക്ക് നടന്നു. ഞാനിവരെ കൊണ്ടുപോവുകയാണെന്ന് എല്ലാവരും കേള്‍ക്കെ അവര്‍ പറഞ്ഞു. കണ്ടുനിന്നവര്‍ അല്‍ഭുതത്തോടെ സുബൈദയും കുട്ടികളും നടന്നകലുന്ന കാഴ്ച നോക്കി നിന്നു.

യാത്രയിലുടനീളം, സഞ്ചരിച്ച വഴിയോരങ്ങളില്‍ മാലാഖമാര്‍ വെഞ്ചാമരം വീശി അവരെ അനുഗ്രഹിച്ചിട്ടുണ്ടാകും. ഒറ്റയടിപ്പാതയും റെയില്‍പാളവും പിന്നിട്ട് വീട്ടിലെത്തിയപ്പോള്‍ ഏതാണ്ട് സമപ്രായക്കാരായ സ്വന്തം മക്കള്‍ ഷാനവാസും ജാഫറും ജോഷിനയും മുറ്റത്ത് കളിക്കുന്നു. കൂട്ടുകാരെ കണ്ടപ്പോള്‍ അവര്‍ ആദ്യം അമ്പരന്നു. ഇനിമുതല്‍ ഇവര്‍ നിങ്ങളുടെ കൂട്ടിനുണ്ടാകുമെന്ന് സുബൈദ പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷമായി.

സ്വന്തം മക്കളെപ്പോലെ, അല്ല, സ്വന്തം മക്കളായി ചക്കിയുടെ കുട്ടികളെയും സുബൈദ വളര്‍ത്തി. ഷാനവാസിനും ജാഫറിനും രമണിയും ലീലയും സഹോദരിമാരായി. ജോഷിനക്ക് ശ്രീധരന്‍ കൊച്ചാങ്ങളയായി. സുബൈദയും അസീസ് ഹാജിയും അവരെ പഠിപ്പിച്ചു. ചക്കിയുടെ മതമനുസരിച്ച് വളര്‍ത്തി. സുബൈദയുടെ വിശ്വാസത്തിലേക്ക് അവരെ മാറ്റുന്നതിനെ കുറിച്ച് സ്വപ്‌നമേവ ചിന്തിച്ചില്ല.

പ്രായപൂര്‍ത്തിയായതോടെ രമണിയേയും ലീലയേയും അവരുടെ പരമ്പരാഗത ആചാരപ്രകാരം വിവാഹം കഴിപ്പിച്ചു. ശ്രീധരന്‍ സുബൈദയുടെ പിറക്കാത്ത മകനായി ജീവിതം തുടര്‍ന്നു. അവനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആ പോറ്റമ്മ പ്രാപ്തനാക്കി. അറുപത്തിനാലാം വയസ്സില്‍ സുബൈദയുടെ നന്‍മകള്‍ കൊണ്ട് സമൃദ്ധമായ ജീവിതത്തിന് തീരശ്ശീല വീണു. വൈകാതെ സുബൈദയുടെ കരുത്തായ അസീസ് ഹാജിയും യാത്രയായി.

തെന്നാടന്‍ സുബൈദയും അസീസ് ഹാജിയും മലയാളനാട്ടിലെ മനുഷ്യമുഖമുള്ള ദേവീദേവന്‍മാരായി. അവരുടെ മക്കളും പോറ്റുമക്കളുമാകാനുള്ള ഭാഗ്യം സിദ്ധിച്ച ആറുപേരും എത്ര ഭാഗ്യവാന്‍മാര്‍! ഭാഗ്യവതികള്‍!കേരളത്തിന്റെ യഥാര്‍ത്ഥ കഥയാണിത്. സത്യസന്ധമായ സൗഹൃദത്തിന്റെ കഥ. പച്ചയായ മനുഷ്യ സ്‌നേഹത്തിന്റെ കഥ. കലര്‍പ്പില്ലാത്ത സാമൂഹ്യ പ്രതിബദ്ധതയുടെ കഥ. ഇതാണ് അഭ്രപാളികളില്‍ നിറഞ്ഞാടേണ്ട കേരളത്തിന്റെ സ്വന്തം കഥ.

സുബൈദയുടെ വിയോഗം താങ്ങാനാവാതെ പോറ്റു മകന്‍ ശ്രീധരന്‍ കാതങ്ങള്‍ക്കപ്പുറമുള്ള ജോലി സ്ഥലത്തുനിന്ന് ഉമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ പറന്നെത്തി. സുബൈദയുടെ ഖബറിടത്തിനടുത്ത് ഭക്തിനിര്‍ഭരമായ മനസ്സോടെ താന്‍ വിശ്വസിക്കുന്ന ദൈവത്തോട് മനമുരുകി പ്രാര്‍ത്ഥിച്ചു. ശ്രീധരന്‍ സുബൈദയെ അനുസ്മരിച്ചെഴുതിയ കുറിപ്പ്, വായിച്ചവരുടെയെല്ലാം ഉള്ളം നിറച്ചു. നാട്ടില്‍ വരുമ്പോഴൊക്കെ പള്ളിപ്പറമ്പിലെത്തി സുബൈദയുടെ ''ഖബര്‍' (കുഴിമാടം) സന്ദര്‍ശിക്കുന്നത് ശ്രീധരന്‍ പതിവാക്കി.

അദ്ദേഹം പകര്‍ത്തിയ വരികളെ ആസ്പദിച്ച് തയ്യാറാക്കിയ ലഘു ചിത്രമാണ്. 'എന്ന് സ്വന്തം ശ്രീധരന്‍ '. മരണാനന്തര ബഹുമതിയായി 'പത്മവിഭൂഷണ്‍' ആര്‍ക്കെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ സുബൈദയോളം അതിനര്‍ഹ രാജ്യത്ത് മറ്റാരുണ്ട്? മതനിരപേക്ഷത എഴുതാനും പ്രസംഗിക്കാനും എളുപ്പമാണ്. ജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ച് കാണിച്ച് കൊടുക്കാന്‍ ഒരുപാട് ക്ലേശിക്കേണ്ടിവരും. സുബൈദയും അസീസ് ഹാജിയും വാനോളം വളര്‍ന്നു നില്‍ക്കുന്നത് അവിടെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+