വനം വകുപ്പിന്റെ പാരപ്പണി, ഊരില്‍ വീടുപണി മുടങ്ങി, ആദിവാസി പരാതിയുമായി കലകടറുടെ മുന്നില്‍
മലപ്പുറം: വനം വകുപ്പ് അധികൃതരുടെ അന്യായ ഇടപെടല്‍ മൂലംവീടുപണി മുടങ്ങിയതോടെ ആദിവാസികള്‍ പരാതികളുമായി കലക്ടര്‍ക്കു മുന്നില്‍ നേരിട്ടെത്തി. കാളികാവ് ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിലെ പത്തോളം പേരാണ് കലക്ടറുടെ മുമ്പിലെത്തിയത്.
ആദിവാസികള്‍ക്ക് അനുവദിച്ച വീടുകളുടെ നിര്‍മ്മാണം വനം വകുപ്പ് തടഞ്ഞതിനെതിരെയാണ് പരാതി. ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വീടുകള്‍ വനഭൂമിയിലാണ് നിര്‍മ്മിക്കുന്നതെന്ന പേരിലാണ് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ തടഞ്ഞത്.

കോരിച്ചൊരിയുന്ന മഴയത്തും പ്ലാസ്റ്റിക്ക് കെട്ടിമറച്ച ഷെഡിലാണ് ഇവര്‍ കഴിയുന്നത്. വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന ഈ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീടൊരുക്കുന്നതിന് വേണ്ടി പഞ്ചായത്തും ഐടിഡിപിയും ചേര്‍ന്നാണ് വീടു നിര്‍മ്മിക്കുന്നത്. ഈ മാസം 30നുള്ളില്‍ വീടിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫണ്ട് നഷ്ടമാകുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
നേരത്തെ ഇവിടേക്കുള്ള റോഡ് നിര്‍മ്മാണത്തിനെതിരെയും വനം വകുപ്പ് എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഒട്ടേറെ വര്‍ഷത്തെ കാത്തിരുപ്പിനൊടുവിലാണ് ആദിവാസികള്‍ക്ക് വീട് അനുവദിച്ചു കിട്ടിയത്. അതിനിടെയാണ് കണ്ണില്‍ ചോരയില്ലാത്ത നടപടിയുമായി വനംവകുപ്പ് രംഗത്ത് വന്നത്.
സംഭവത്തില്‍ ഡിഎഫ് ഒ യില്‍ നിന്ന് ഉടന്‍ റിപ്പോര്‍ട്ട് തേടി നടപടി സ്വീകരിക്കുമെന്ന് പൊതു പ്രവര്‍ത്തകരടങ്ങുന്ന സംഘത്തിന് കലക്ടര്‍ ഉറപ്പ് നല്‍കി. മുനീബ്കാരക്കുന്ന്, അബ്ദുല്ലക്കോയ തങ്ങള്‍, റമീസ് ചോക്കാട്, ഫൈസല്‍, അബദു റസാഖ്, സുധീര്‍ ആദിവാസികളായ ഗീത, സരോജിനി, കരുമ്പി, കൊറ്റി വെള്ളന്‍, കട്ടന്‍, മണികണ്ഠന്‍, ശങ്കരന്‍, ബിന്ദു.എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications