ശിഹാബ് തങ്ങളുടെ പൊതുദര്‍ശനത്തിനിടെ പി കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദര്‍ശനത്തിനിടെ മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോട്ടക്കല്‍ മിംസ് ആശുത്രിയില്‍ പ്രവേശിച്ചു. വന്‍ ജനാവലിയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മലപ്പുറത്തേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഖബറടക്കം നാളെ രാവിലെ ഒമ്പതിനാണ് നടക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പുലര്‍ച്ചെ ഒരു മണിക്ക് നടത്താന്‍ തീരുമാനിച്ചു. പാണക്കാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടക്കുക.

അതേസമയം, വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് മലപ്പുറത്തേക്കെത്തിയത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം ആദ്യം എത്തിച്ചത് അങ്കമാലി ജുമാമസ്ജിദിലായിരുന്നു. ഇവിടെ പ്രാഥമിക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു പൊതുദര്‍ശനം. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, സിപിഎം നേതാവ് എം. എ. ബേബി, ബിജെപി നേതാവ് എ എന്‍ രാധാക്യഷ്ണന്‍, സിനിമാതാരം മമ്മുട്ടി, എംഎല്‍എമാരായ അനൂപ് ജേക്കബ്, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, കെ ബാബു, ബെന്നി ബെഹനാന്‍, എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ 22ാം തീയതിയാണ് ഹൈദരലി തങ്ങളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതുി ഉണ്ടായിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. അതേസമയം, ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തി.
ആത്മീയ-പൊതുപ്രവര്‍ത്തന രംഗത്തെ തേജസാര്‍ന്ന സാന്നിധ്യമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ല അധ്യക്ഷന്‍ എന്ന നിലയിലാണ് ഹൈദരലി തങ്ങളെ പരിചയപ്പെടുന്നത്. ലീഗ് സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മുതല്‍ ആ ബന്ധം സുദൃഢമായി. നേരില്‍ കാണുമ്പോഴെല്ലാം പ്രത്യേക വാത്സല്ല്യത്തോടെയും സ്‌നേഹത്തോടെയുമാണ് തങ്ങള്‍ ഇടപഴകിയിരുന്നത്. യുഡിഎഫിന്റെയും മതേതര ചേരിയുടെയും എക്കാലത്തെയും കരുത്തനായ സാരഥിയും വഴികാട്ടിയുമായിരുന്നു തങ്ങള്‍. മിതഭാഷിയെങ്കിലും നിലപാടുകളില്‍ കണിശതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയോട് പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹം സൂക്ഷിച്ചിരുന്നു. മനുഷ്യത്വത്തിന്റെ, ഹൃദയ വിശാലതയുടെ ആഴക്കടലായിരുന്നു തങ്ങളെന്ന് ഓരോ അനുഭവവും ബോധ്യപ്പെടുത്തി; അടുക്കുന്തോറും ആ തെളിച്ചം കൂടുതല്‍ ദീപ്തിയുള്ളതായി.
രാഷ്ട്രീയ നേതാവ് എന്നതിലുപരി മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ- സാമൂഹ്യ പുരോഗതിക്കു വേണ്ടി യത്‌നിച്ച ആധ്യാത്മിക നേതൃത്വമായിരുന്നു അദ്ദേഹം ; സര്‍വരുടെയും ആദരവ് പിടിച്ചു പറ്റാനും മതേതര കാഴ്ചപ്പാടോടെ സമൂഹത്തെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗമായിരിക്കുമ്പോള്‍ തന്നെ അവകാശ പോരാട്ടങ്ങളില്‍
ഇതര വിഭാഗങ്ങളെ കൂട്ടി ചേര്‍ത്താണ് അദ്ദേഹം നയിച്ചത്.
രണ്ടു മാസം മുന്‍പ് അസുഖ ബാധിതനായി കോട്ടക്കലിലെ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു ; പിന്നീടും ചികിത്സാ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിക്കാറുണ്ടായിരുന്നു. തങ്ങളുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. പാണക്കാട് തറവാടിന്റെ മഹിമയും പാരമ്പര്യവും കാത്തുസൂക്ഷിച്ച ഹൈദരലി തങ്ങളെന്ന സൗമ്യരൂപം എക്കാലവും ഓര്‍ക്കപ്പെടും .... പ്രിയ നേതാവിന് അന്ത്യാഞ്ജലി - കെ സി വേണുഗോപാല്‍ ഫേ്‌സ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications