നാലാം വാര്‍ഡിലെ വീട്ടുകാര്‍ക്ക് വിനീത് കാരപ്പറമ്പന്റെ കത്ത്; എല്ലാവരും വോട്ട് ചെയ്യണം, മറക്കരുത്
മലപ്പുറം: വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് പോത്തുകല്ല് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മല്‍സരിക്കുന്ന വിനീത് കാരപ്പറമ്പന്‍ സ്വീകരിച്ചിരിക്കുന്നത്. വാര്‍ഡിലെ എല്ലാ വീട്ടുകാര്‍ക്കും കത്തയക്കുക. വോട്ട് അഭ്യര്‍ഥിച്ചുള്ള വിനീതിന്റെ കത്തുകള്‍ വീട്ടിലെത്തുന്നതോടെ ആളുകള്‍ ഒരിക്കലും മറക്കില്ല എന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ഥി. സോഷ്യല്‍ മീഡിയ ഇത്രയേറെ പ്രചാരത്തില്‍ വന്നിട്ടും എന്തുകൊണ്ടാണ് പഴയ സമ്പ്രദായം സ്വീകരിച്ചത് എന്ന് ചോദിച്ചാല്‍ വിനീതിന് മറുപടിയുണ്ട്.

ഒന്ന് പഴമയെ ഓര്‍മപ്പെടുത്തലാണ്. മറ്റൊന്ന് തപാല്‍ വകുപ്പ് സജീവമാക്കലും. ന്യൂജനറേഷന്‍ വോട്ടര്‍മാരാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയുള്ളൂ. മുതിര്‍ന്നവരെ ആകര്‍ഷിക്കുകയാണ് പോസ്റ്റല്‍ കത്തിലൂടെ ചെയ്യുന്നതെന്നും വിനീത് പറയുന്നു. മറ്റു സ്ഥാനാര്‍ഥികളൊന്നും സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് വിനീത് സ്വീകരിച്ചിരിക്കുന്നത്. ആളുകളെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുന്നതിനും പരസ്യ പ്രചാരണത്തിനും കൊറോണയുടെ നിയന്ത്രണങ്ങള്‍ തടസമായതിനാല്‍ കൂടിയാണ് കത്തയച്ചുള്ള പ്രചാരണ രീതി തിരഞ്ഞെടുത്തത്. ഇത് എത്രത്തോളം വിജയിക്കുമെന്ന് അറിയാന്‍ ഡിസംബര്‍ 16 വരെ കാത്തിരിക്കണം.
മലപ്പുറം ജില്ലയില്‍ ഡിസംബര്‍ 14നാണ് വോട്ടെടുപ്പ്. 16ന് ഫലം വരും. ഇത്തവണ കൊറോണ രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ജില്ലയായതിനാല്‍ പോസ്റ്റല്‍ വോട്ടുകളും മലപ്പുറത്ത് കൂടുതലാകും. അതുകൊണ്ടുതന്നെ എണ്ണിത്തീരുന്നതിന് സമയം പിടിക്കുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് മുമ്പ് തന്നെ ഭൂരിഭാഗം വോട്ടുകളും എണ്ണിത്തീരുമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.












Click it and Unblock the Notifications