അൻവറിന്റെ ഉന്നം പിഴച്ചില്ല; മലപ്പുറം പോലീസ് അടിമുടി മാറും, എസ്‌പി ശശിധരന് സ്ഥലംമാറ്റം, കൂടുതൽ നടപടി
മലപ്പുറം: കേരള പോലീസിനെതിരായ ഗുരുതരമായ ആരോപണങ്ങൾക്ക് വഴിയൊരുക്കിയ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ട മലപ്പുറം പോലീസിൽ വമ്പൻ അഴിച്ചുപണി നടത്തി സർക്കാർ. മലപ്പുറം എസ്‌പി ശശിധരനെ സ്ഥലംമാറ്റി. പിവി അൻവർ ആദ്യം പൊതുവേദിയിൽ വച്ച് ആരോപണം ഉന്നയിച്ചത് എസ്‌പിയായ ശശിധരനെതിരെ ആയിരുന്നു. അവിടെ നിന്നാണ് ഇപ്പോഴത്തെ വിവാദങ്ങളുടെയെല്ലാം തുടക്കം എന്ന് വേണമെങ്കിൽ പറയാം.
മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബെന്നിക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. നേരത്തെ ബെന്നിക്കെതിരെ വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി ഉയർന്നിരുന്നു. താനൂർ ഡിവൈഎസ്‌പി ആയിരുന്ന ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ അൻവർ ഉന്നയിച്ച നിരന്തര ആരോപണങ്ങളാണ് വിജയം കാണുന്നത്.

ഇത് മാത്രമല്ല മലപ്പുറം ജില്ലാ പോലീസിൽ സമഗ്രമായ അഴിച്ചുപണിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരെ മാത്രമല്ല മൊത്തത്തിൽ സേനയിൽ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം ഇതിന്റെ ഭാഗമായി ഡിവൈഎസ്‌പിമാരെ മുഴുവൻ മാറ്റിയത്. കൂടാതെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനം ഉണ്ടായിട്ടുണ്ട്.
പോലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്‌പിയായി ചുമതല ഏറ്റെടുക്കും. മലപ്പുറം പോലീസിനെ കുറിച്ച് വ്യാപക പരാതിയാണ് കഴിഞ്ഞ നാളുകളിലായി ഉയർന്ന് വന്നത്. അതിൽ പ്രധാനമായും നിലമ്പൂർ എംഎൽഎ പിവി അൻവർ തന്നെയാണ് ആരോപണങ്ങൾ ഉന്നയിച്ചതും, ശേഷം സേനയിലെ ഉന്നതർക്ക് എതിരെ ബലാത്സംഗ പരാതി ഉൾപ്പെടെ ഉയരുകയും ചെയ്‌തിരുന്നു.
നേരത്തെ പൊതുവേദിയിൽ വച്ചുള്ള എസ്‌പി ശശിധരന് എതിരെയുള്ള അൻവറിന്റെ വിമർശനം മുൻ എസ്‌പി സുജിത് ദാസിന് നേരെയും നീണ്ടിരുന്നു. അതുകൊണ്ടും നിർത്താൻ അൻവർ ഒരുക്കമായിരുന്നില്ല. തുടർന്നാണ് എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂർ എംഎൽഎ രംഗത്ത് വന്നത്.
അനധികൃത സ്വത്ത് സമ്പാദനം, വഴിവിട്ട രാഷ്ട്രീയ ബന്ധങ്ങൾ എന്നിങ്ങനെ അതീവ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് അൻവർ എഡിജിപിക്ക് എതിരെ ഉയർത്തിയത്. തൃശൂർ പൂരം ഇക്കുറി അലങ്കോലമാക്കാൻ കാരണം എഡിജിപിയുടെ ഇടപെടലാണെന്നും സോളാർ കേസ് ഒത്തുതീർപ്പാക്കിയത് അജിത്കുമാർ ആണെന്നും അൻവർ ആരോപിച്ചിരുന്നു.
ഇതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നു. എഡിജിപി-ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണവും ഇതിനിടെ ഉയർന്നുവന്നിരുന്നു. ഇതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിൽ ആയി. ഇതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും അൻവർ ഉന്നംവച്ചിരുന്നു. ഈ സംഭവ വികാസങ്ങൾക്കിടയാണ് മലപ്പുറം പോലീസിലെ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications